വൈക്കത്ത് തദ്ദേശ സീറ്റ് യുഡിഎഫ് പിടിച്ചെടുത്ത വൈരാഗ്യത്തില്‍ റോഡ് നിര്‍മാണ ഫണ്ട് പിന്‍വലിച്ചെന്ന് ആരോപണം

കൃത്യമായ സമയത്ത് എസ്റ്റിമേറ്റ് സമര്‍പ്പിക്കാത്തതിനാലാണ് നടപടിയെന്നാണ് സി കെ ആശ എംഎൽഎയുടെ വിശദീകരണം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്ത വൈരാഗ്യത്തില്‍ എംഎല്‍എ ഫണ്ട് പിന്‍വലിച്ചെന്ന് ആരോപണം. വൈക്കം എംഎല്‍എ സി കെ ആശയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് ആരോപണമുന്നയിക്കുന്നത്. വൈക്കം നഗരസഭയിലെ വയനവേലി റോഡ് നിര്‍മാണത്തിന് എംഎല്‍എ അനുവദിച്ച 15 ലക്ഷം രൂപയാണ് പിന്‍വലിച്ചത്. എന്നാൽ ഫണ്ട് മടങ്ങാതിരിക്കാനാണ് പിൻവലിച്ചതെന്നും പുതുതായി എസ്റ്റിമേറ്റ് സമർപ്പിച്ചാൽ അടുത്ത എംഎൽഎ ഫണ്ടിൽ നിന്നും റോഡിന് ഫണ്ട് അനുവദിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും സി കെ ആശ പറഞ്ഞു.

'ഞങ്ങള്‍ എസ്റ്റിമേറ്റ് പോലുമാകാത്ത പദ്ധതികള്‍ നോക്കി. ടെന്‍ഡര്‍ ആയിട്ടും ആരും എടുക്കാതിരിക്കുന്നത് നോക്കി. അതിലൊന്നാണ് വയനവേലിലേത്. മാസങ്ങള്‍ മുന്‍പ് എഴുതികൊടുത്ത റോഡിന് ഇന്നുവരെ എസ്റ്റിമേറ്റ് തയ്യാറാക്കി തരാന്‍ മുനിസിപ്പാലിറ്റിയ്ക്കായിട്ടില്ല. നമ്മുടെ സമയം കഴിയാന്‍ പോവുകയാണ്. ഫണ്ട് ലാപ്‌സാകാതിരിക്കണം. അതിനാണ് ഒഴിവാക്കാമെന്ന് കരുതിയത്. ഇത് എല്ലാ ജനപ്രതിനിധികളും ചെയ്യുന്നതാണ്. കൃത്യമായ സമയത്ത് എസ്റ്റിമേറ്റ് സമര്‍പ്പിക്കാത്തതിനാലാണ് നടപടി. . ഇടതുപക്ഷം ഭരിക്കുന്ന വൈക്കം ബ്ലോക്കിന്റെ കീഴില്‍ വരുന്ന റോഡിന്റെ ഫണ്ടും പിന്‍വലിച്ചിട്ടുണ്ട്': സി കെ ആശ പറഞ്ഞു.

കോണ്‍ഗ്രസ് അനാവശ്യ രാഷ്ട്രീയ വിവാദമുണ്ടാക്കുകയാണ് എന്നും സി കെ ആശ പറഞ്ഞു. എന്നാല്‍ വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും തിരിച്ച് യുഡിഎഫ് പിടിച്ചതിന് പിന്നാലൊണ് റോഡ് നിര്‍മാണ ഫണ്ട് പിന്‍വലിച്ചതെന്നും വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നുമാണ് യുഡിഎഫിന്റെ ആരോപണം.

Content Highlights: Vaikom MLA CK Asha withdraws road fund as udf won local body election in ldf sitting seat

To advertise here,contact us