ശബരിമലയിൽ നഷ്ടമായത് 989 ഗ്രാമല്ല, കിലോക്കണക്കിന് സ്വർണം; വിഎസ്എസ്‌സി പരിശോധനാ ഫലം പുറത്ത്

കൃത്യമായ കണക്ക് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കുറ്റപത്രം നല്‍കുക

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ കവർന്ന സ്വര്‍ണത്തെക്കുറിച്ച് പ്രതികള്‍ നല്‍കിയ മൊഴി പച്ചക്കളളമെന്ന് സൂചന നൽകി വിഎസ്എസ്‌സി പരിശോധനാ ഫലം. നഷ്ടമായത് 989 ഗ്രാമം സ്വര്‍ണമല്ലെന്നും കിലോക്കണക്കിന് സ്വര്‍ണം ദ്വാരപാലക, കട്ടിളപ്പാളികളില്‍ നിന്ന് നഷ്ടപ്പെട്ടന്നുമാണ് വിഎസ്എസ്‌സിയില്‍ നടത്തിയ പരിശോധനയുടെ അന്തിമ ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൃത്യമായ കണക്ക് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കുറ്റപത്രം നല്‍കുക.

കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ 989 ഗ്രാം സ്വര്‍ണം ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശി എന്നായിരുന്നു പ്രതികള്‍ എസ്‌ഐടിയോട് പറഞ്ഞത്. എന്നാല്‍ ഇത് കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് വിഎസ്എസ്‌സി പരിശോധനാ ഫലം. ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് കണ്ടെത്താനായാണ് വിഎസ്എസ്‌സി രണ്ടാം തവണ പരിശോധന നടത്തിയത്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മറ്റൊരു ചിത്രം കൂടി പുറത്തുവന്നു. കടകംപള്ളി സുരേന്ദ്രന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ രണ്ടാമത് എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഡിഗ്രിക്ക് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ ഉപഹാരം നല്‍കുന്നതാണ് ചിത്രം. അതേസമയം മന്ത്രി എന്തിനാണ് എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മന്ത്രി എത്തിയപ്പോള്‍ പുളിമാത്തെ വീട്ടിലേയ്ക്ക് പോറ്റി മകളെ വിളിച്ചതാണെന്ന് അമ്മാവന്‍ വെങ്കിടേശ്വരന്‍ പോറ്റി സ്ഥിരീകരിച്ചു.

Content Highlights: Not 989 grams, but kilos of gold was lost in Sabarimala; Accused's statement is a lie

To advertise here,contact us