കോഴിക്കോട് സൗത്ത് മണ്ഡലം ലീഗ് യോഗത്തില്‍ കയ്യാങ്കളി; ഓഫീസിലെ ഫർണിച്ചറുകൾ അടിച്ച് തകർത്ത് ഒരു വിഭാഗം

മണ്ഡലം കമ്മിറ്റി നിർജീവമെന്നും പുനഃസംഘടിപ്പിക്കണമെന്നും ആവശ്യം

കോഴിക്കോട്: കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിലെ മുസ്‌ലിം ലീഗ് യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും. ഓഫീസിലെ ഫർണിച്ചറുകളും ഫോണും ഒരു വിഭാഗം അടിച്ചു തകർത്തു. മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് തർക്കം. എം കെ മുനീർ മണ്ഡലത്തിൽ മത്സരിക്കാനിരിക്കെയാണ് ഭിന്നത രൂക്ഷമാകുന്നത്.

മണ്ഡലം കമ്മിറ്റി നിർജീവമാണെന്നും പ്രസിഡന്റും ജനറൽ സെക്രട്ടറിയും അടക്കമുള്ളവർ സജീവമല്ലെന്നും കമ്മിറ്റിയെ മുന്നോട്ടു കൊണ്ടുപോകാൻ അവർക്ക് കഴിയുന്നില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ എൽഡിഎഫിനൊപ്പമായിരുന്നു മണ്ഡലം. ഇവിടെ ഐഎൻഎൽ നേതാവ് അഹമ്മദ് ദേവർകോവിലാണ് വിജയിച്ചത്. ഇത്തവണ യുഡിഎഫിനായി എം കെ മുനീർ മത്സരിക്കാനെത്തുമ്പോൾ മണ്ഡലം തിരിച്ചുപിടിക്കുന്നതിനായി സജീവമായ പ്രവർത്തനം ആവശ്യമാണെന്നും എന്നാൽ കമ്മിറ്റി നിർജീവമാണെന്നുമാണ് വിമർശനം. എന്നാൽ നിലവിലെ മണ്ഡലം കമ്മിറ്റി മുന്നോട്ടുപോകണം എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

അതേസമയം തദ്ദേശതെരഞ്ഞെടുപ്പിൽ പന്നിയങ്കര സിറ്റിംഗ് വാർഡിൽ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പരാജയപ്പെട്ടിരുന്നു. ഇവിടെ ബിജെപിയാണ് ജയിച്ചത്.

Content Highlights: Clashes and scuffles at Muslim League meeting in Kozhikode South constituency

To advertise here,contact us