ഭാര്യക്കും മക്കള്‍ക്കും UK പൗരത്വം എന്ന് വ്യാജ പ്രചരണം; പരാതി നല്‍കി ബിനോയ് വിശ്വം

കൃഷ്ണ അഞ്ചല്‍ എന്ന ഫേസ്ബുക്ക് പേജാണ് ബിനോയ് വിശ്വത്തിന്റെ ഭാര്യയും മക്കളും ബ്രിട്ടീഷ് പൗരന്മാരാണെന്ന വ്യാജ പ്രചരണം അഴിച്ചുവിട്ടത്

തിരുവനന്തപുരം: ഭാര്യയ്ക്കും മക്കള്‍ക്കും ബ്രിട്ടീഷ് പൗരത്വമെന്ന നിലയില്‍ വ്യാജ പ്രചരണം നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ പോറ്റിട്ട അഞ്ചല്‍ സ്വദേശിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. മനഃപൂര്‍വ്വം തന്നെയും കുടുംബത്തെയും അവഹേളിക്കുകയാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു.

കൃഷ്ണ അഞ്ചല്‍ എന്ന ഫേസ്ബുക്ക് പേജാണ് ബിനോയ് വിശ്വത്തിന്റെ ഭാര്യയും മക്കളും ബ്രിട്ടീഷ് പൗരന്മാരാണെന്ന തരത്തിൽ വ്യാജ പ്രചരണം അഴിച്ചുവിട്ടത്. ബിനോയ് വിശ്വത്തിന്റെ ഭാര്യയും മക്കളും കേരളത്തില്‍ താമസിച്ചുവരികയാണെന്നിരിക്കെയാണ് പ്രചാരണം അഴിച്ചുവിട്ടത്.

മലപ്പുറം സ്വദേശിയും എഴുത്തുകാരിയുമായ ഷൈല സി ജോര്‍ജ് ആണ് ബിനോയ് വിശ്വത്തിന്റെ ഭാര്യ. 35 വര്‍ഷം ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്ത് വിരമിച്ച ശേഷം സര്‍ഗ്ഗാത്മക രചനയിലേക്ക് തിരിഞ്ഞ ഷൈല നിലവില്‍ വട്ടിയൂര്‍ക്കാവിലാണ് താമസം. റെയിന്‍ ഇന്‍ ദ ആറ്റിക് എന്ന ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം.

ബിനോയ് വിശ്വത്തിന്റെ രണ്ട് മക്കളും കേരളത്തില്‍ താമസിച്ചുവരികയാണ്. വട്ടിയൂര്‍ക്കാവില്‍ താമസിച്ച് പാരിസ് യൂണിവേഴ്സിറ്റിയില്‍ ചെയ്യുന്ന പിഎച്ച്ഡിക്കായി കേരളത്തില്‍ ഡാറ്റാകളക്ഷന്‍ നടത്തിവരികയാണ് ബിനോയ് വിശ്വത്തിന്റെ ഒരു മകള്‍. കൊച്ചിയില്‍ ഹൈക്കോടതിയില്‍ ഗവ. പ്ലീഡറായി ജോലി ചെയ്യുകയാണ് മറ്റൊരു മകള്‍. ഇങ്ങനെയിരിക്കെയാണ് വസ്തുതാ വിരുദ്ധമായ പ്രചരണം നടക്കുന്നത്.

Content Highlights: Binoy Vishwam files complaint over false propaganda claiming UK citizenship for wife and children

To advertise here,contact us