'എത്ര ഗൂഢാലോചന നടത്തിയാലും UDF അധികാരത്തിൽ വരും, കേസ് വളച്ചൊടിക്കാൻ ശ്രമം'; SIT ചോദ്യംചെയ്യലിൽ അടൂർ പ്രകാശ്

'എനിക്കൊപ്പം പലയാളുകൾ ചിത്രമെടുക്കാൻ വരുന്നുണ്ട്. ഒരു പൊതുപ്രവർത്തകന്റെ കടമ എന്ന നിലയിൽ ഞാൻ അതിന് സമ്മതിക്കാറുണ്ട്'

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തനിക്കെതിരെ വരുന്നത് എസ്ഐടി ഉദ്യോഗസ്ഥർ പുറത്തുവിട്ട വാർത്തകളെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. മുതിർന്ന ഉദ്യോഗസ്ഥരല്ല ഇതിന് പിന്നിലെന്നും അതിന് വേണ്ടി നിയോഗിക്കപ്പെട്ടവരാണ് ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് എന്നും അടൂർ പ്രകാശ് പറഞ്ഞു. തനിക്കൊപ്പം പലയാളുകൾ ചിത്രമെടുക്കാൻ വരുന്നുണ്ട്. ഒരു പൊതുപ്രവർത്തകന്റെ കടമ എന്ന നിലയിൽ ഞാൻ അതിന് സമ്മതിക്കാറുണ്ട്. എന്നാൽ കള്ളന്മാരും ദുഷ്ടന്മാരുമാണെന്ന് മനസിലാക്കിയാൽ താൻ അവരെ മാറ്റിനിർത്താറുണ്ടെന്നും എംപി പറഞ്ഞു.

തനിക്കും പാർട്ടിക്കുമെതിരെ എത്ര ഗൂഢാലോചന നടത്തിയാലും യുഡിഎഫ് അധികാരത്തിലെത്തുമെന്നും എംപി പറഞ്ഞു. തന്നെ ഇന്നലെ എസ്ഐടി വിളിപ്പിച്ചത് സ്റ്റേറ്റ്മെന്റ് എടുക്കാനാണ്. എന്നാൽ വാർത്തകൾ വന്നത് തന്നെയും പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു എന്നാണ്. ഇങ്ങനെ വാർത്തകൾ നൽകാനായി എൽഡിഎഫ് സർക്കാർ ചില ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട് എന്നും അടൂർ പ്രകാശ് പറഞ്ഞു. മാധ്യമങ്ങൾ മുന്നിൽ നിൽക്കുന്നതിനാൽ തന്നോട് പിന്നിലൂടെ പോകാനാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ താൻ മാധ്യമങ്ങളെ കണ്ട ശേഷമേ പോകൂ എന്നാണ് പറഞ്ഞത്. കേസ് വളച്ചൊടിക്കാൻ ശ്രമം നടക്കുകയാണ് എന്നും അടൂർ പ്രകാശ് ആരോപിച്ചു.

റിപ്പോർട്ടർ ടിവിക്കെതിരായ ഭീഷണിയും അടൂർ പ്രകാശ് തുടർന്നു. വിമർശിക്കേണ്ട മാധ്യമങ്ങളുടെ മുഖത്ത് നോക്കി വിമർശിക്കാൻ തനിക്ക് മടിയില്ല. താൻ അത് തുടരും. യുഡിഎഫ് അധികാരത്തിൽ വന്നാൽ റിപ്പോർട്ടർ ടിവിയെ പൂട്ടിക്കുമെന്നും അടൂർ പ്രകാശ് വീണ്ടും ആവർത്തിച്ചു.

കഴിഞ്ഞ ദിവസമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാൻ എസ്ഐടി അടൂർ പ്രകാശ് എംപിയെ വിളിപ്പിച്ചത്. പൊലീസ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്. നേരത്തേ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സോണിയ ഗാന്ധിയുടെ അടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത് അടൂര്‍ പ്രകാശ് ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ അടക്കം എസ്‌ഐടിയുടെ അന്വേഷണ പരിധിയിലുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലിന് ശേഷം ചില കാര്യങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞാണ് എസ്‌ഐടി തന്നെ വിളിപ്പിച്ചതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എസ്‌ഐടി ചോദിച്ചുവെന്നും അടൂർ പ്രകാശ് തുറന്നുപറഞ്ഞിരുന്നു. ചോദ്യങ്ങള്‍ക്കെല്ലാം താൻ കൃത്യമായ മറുപടി നല്‍കി. മറ്റ് കാര്യങ്ങള്‍ പറയേണ്ടത് താനല്ല, എസ്‌ഐടിയാണ്. ചോദ്യം ചെയ്യലില്‍ അസ്വാഭാവികതയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണന്‍ പോറ്റി സന്ദര്‍ശിച്ച വേളയില്‍ പകര്‍ത്തിയ സമയത്ത് അടൂര്‍ പ്രകാശും അവിടെയുണ്ടായിരുന്നു. ഈ ചിത്രമാണ് വലിയ വിവാദമായത്. ഇതിന് പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ അടൂര്‍ പ്രകാശ് പങ്കെടുത്ത ചിത്രവും പുറത്തുവന്നു. റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു ഈ ചിത്രം പുറത്തുവിട്ടത്. ഇതിന് ശേഷവും ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുന്നുകൊണ്ടിരുന്നു. അടൂര്‍ പ്രകാശിനെ കാണാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമായിരുന്നു അതില്‍ ഒന്ന്. ഈ കൂടിക്കാഴ്ചയില്‍ പോറ്റിയുടെ സുഹൃത്തും സ്‌പോണ്‍സറുമായ രമേശ് റാവുവും ഉണ്ടായിരുന്നു. അടൂര്‍ പ്രകാശിന് ഇവര്‍ ഒരു സമ്മാനം നല്‍കിയിരുന്നു. ഇതില്‍ ഈന്തപ്പഴമായിരുന്നുവെന്നായിരുന്നു അടൂര്‍ പ്രകാശ് പിന്നീട് പ്രതികരിച്ചത്.

Content Highlights: UDF convener Adoor Prakash says reports against him in the Sabarimala gold case were leaked by SIT officials amid the ongoing investigation.

To advertise here,contact us