തിരുവനന്തപുരം: യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുന്നതില്‍ മുസ്ലിം ലീഗില്‍ ഒരു വിഭാഗത്തിന് അതൃപ്തി. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികള്‍ അല്ലെന്ന് പറയുന്നത് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. സമസ്തയടക്കമുളള സംഘടനകളെ യുഡിഎഫില്‍ നിന്ന് അകറ്റാന്‍ ജമാഅത്തെ ബന്ധം കാരണമാകും. തെരഞ്ഞെടുപ്പില്‍ ലീഗിനെ സാരമായി ബാധിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
ഇക്കാര്യം അടുത്ത ലീഗ് നേതൃയോഗത്തില്‍ ഉന്നയിക്കാനാണ് ഒരു വിഭാഗം നേതാക്കള്‍ ആലോചിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനങ്ങളില്‍ ജമാഅത്ത് നേതൃത്വം തന്നെ മറുപടി പറയട്ടെ എന്നും നേതാക്കൾ പറയുന്നു. മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന് തെളിയിക്കേണ്ടത് ജമാഅത്തെ ഇസ്ലാമിയുടെ ബാധ്യതയാണ്. ജമാഅത്തിനെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ യുഡിഎഫ് നേതാക്കള്‍ക്ക് എന്ത് ബാധ്യതയാണ് ഉളളതെന്നും ചോദ്യമുയരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി പിന്തുണ വാഗ്ദാനം ചെയ്താൽ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നേരത്തെ പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദമില്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അവരുടെ നിലപാടില്‍ വ്യക്തതയുണ്ടെന്നും വി ഡി സതീശന് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദ നിലപാടുള്ളപ്പോള്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്നുവെന്നും വി ഡി സതീശന് പ്രതികരിച്ചു.
Content Highlights: A section of the Muslim League is unhappy with the UDF accepting Jamaat-e-Islami's support