വി കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി ആർഎസ്പി നേതാക്കൾ; എത്തിയത് പിന്തുണ അറിയിക്കാനെന്ന് ഷിബു ബേബി ജോൺ

ഷിബുവിന്റെ സന്ദര്‍ശനം പോലും തനിക്കെതിരെയുള്ള ആയുധമാക്കുന്നുവെന്ന് വി കുഞ്ഞികൃഷ്ണന്‍

കണ്ണൂര്‍: ഫണ്ട് തിരിമറി ആരോപിച്ചതിന് പിന്നാലെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി ആര്‍എസ്പി നേതാക്കള്‍. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍, ഈയിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ബി എന്‍ ഹസ്‌കര്‍ എന്നിവരാണ് കുഞ്ഞികൃഷ്ണനെ കാണാനെത്തിയത്. പയ്യന്നൂരിലെ കുഞ്ഞികൃഷ്ണന്റെ വീട്ടില്‍വെച്ചാണ് കൂടിക്കാഴ്ച നടന്നത്. കുഞ്ഞികൃഷ്ണന്റെ പോരാട്ടത്തിന് പിന്തുണ അറിയിക്കാനാണ് എത്തിയതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഷിബുവിന്റെ സന്ദര്‍ശനം പോലും തനിക്കെതിരെയുള്ള ആയുധമാക്കുകയാണെന്ന് വി കുഞ്ഞികൃഷ്ണനും പ്രതികരിച്ചു.

വി കുഞ്ഞികൃഷ്ണൻ ആരോപണം ഉന്നയിച്ച ധനരാജ് രക്തസാക്ഷി ഫണ്ടിൽ വ്യക്തത വരുത്തി സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ കുഞ്ഞികൃഷ്ണന്‍ പുറത്തിറക്കിയ 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്‌സിപിഐഎം വിരുദ്ധരുടെ ഒത്തുചേരലാണെന്നായിരുന്നു കെ കെ രാഗേഷിന്റെ പ്രതികരണം. പരിപാടി സംഘടിപ്പിച്ചതിന്റെ ലക്ഷ്യം എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാവുമെന്നും ജോസഫ് സി മാത്യൂ പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ ഏതോ പഴയ സിപിഐഎം നേതാവ് പറയുന്നതുപോലെയാണ് തോന്നിയതെന്നും കെ കെ രാഗേഷ് പരിഹസിച്ചിരുന്നു.

എന്നാല്‍ വിശദീകരിക്കാന്‍ കഴിയാത്തതിനാലാണ് കണക്ക് പ്രദര്‍ശിപ്പിക്കാത്തത് എന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ മറുപടി. ബാക്കിയുള്ള ഫണ്ട് കാണിക്കാന്‍ കഴിയില്ല. അങ്ങനെ കണക്ക് അവതരിപ്പിച്ചാല്‍ മാത്രമേ ബാക്കി എത്രയുണ്ട് എന്ന് അറിയാന്‍ കഴിയു എന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. ജനങ്ങളില്‍ നിന്നും പണം കൈപ്പറ്റിയില്ല എന്ന രാഗേഷിന്റെ വാദത്തെയും കുഞ്ഞികൃഷ്ണന്‍ തള്ളിയിരുന്നു. ധന്‍രാജ് ഫണ്ടിലേക്ക് എല്ലാവരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. പുസ്തകം ഇറക്കുന്നതിന് മുമ്പ് കണക്ക് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടത് വ്യാജകണക്ക് തയ്യാറാക്കാതിരിക്കാനാണ്. പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധമാണ്. വ്യാജ രസീതും രണ്ട് ഒറിജിനല്‍ രസീതും അച്ചടിച്ചു. റസീറ്റ് തിരികെ വരാതിരിക്കുമ്പോള്‍ എങ്ങനെയാണ് പണം നഷ്ടപ്പെട്ടില്ല എന്ന് പറയാന്‍ കഴിയുക എന്നും കുഞ്ഞികൃഷ്ണന്‍ ചോദിച്ചിരുന്നു. മധുസൂദനനെതിരെ പാര്‍ട്ടി നടപടിയെടുത്തത് ധനാപഹരണത്തിനല്ല എന്നും കണക്ക് അവതരിപ്പിക്കാന്‍ വൈകിയതിലാണ് എന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു.

കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തു എന്നുമായിരുന്നു വി കുഞ്ഞികൃഷ്ണന്റെ ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു.

പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ നിന്നും തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും പണം തട്ടിയെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തെ വിവരം അറിയിച്ചെങ്കിലും ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് ചെയ്തത്. കണക്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചതെന്നും അത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. യഥാര്‍ത്ഥ വരവ് പൂര്‍ണ്ണമായും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രണ്ട് വീട് നിര്‍മ്മാണത്തിന് ചെലവായ സംഖ്യയല്ല, അതിനേക്കാളുപരി ചെലവഴിച്ചുവെന്ന് കണക്ക് അവതരിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചിരുന്നു.

വിഷയം വിവാദമായതോടെയായിരുന്നു കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംത്വത്തില്‍നിന്ന് പുറത്താക്കിയത്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് വി കുഞ്ഞികൃഷ്ണന്‍ ഇപ്പോഴുളളതെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ടി ഐ മധുസൂദനന്‍ എംഎല്‍എയെ കുഞ്ഞികൃഷ്ണന്‍ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും എംഎല്‍എയുടെ സ്വീകാര്യതയെ ഇല്ലാതാക്കാനുളള ശ്രമമാണ് നടത്തിയതെന്നും കെ കെ രാഗേഷ് പറഞ്ഞിരുന്നു. എന്നാല്‍ വിഷയം പാര്‍ട്ടിക്കുള്ളില്‍ വലിയ കോളിളക്കമാണ് തീര്‍ത്തത്. കുഞ്ഞികൃഷ്ണനെ വിമര്‍ശിച്ച് ഒരു വിഭാഗം രംഗത്ത് വന്നപ്പോള്‍ അദ്ദേഹത്തെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്ത് വന്നിരുന്നു.

Content Highlight; RSP leaders met with V Kunhikrishnan. Shibu Baby John and BN Haskar, who recently joined the party, came to meet Kunhikrishnan.

To advertise here,contact us