കോഴിക്കോട്: സിപിഐഎം ഒരു കാലത്തും ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷ നേതാവായ വി ഡി സതീശൻ ഉളുപ്പില്ലാതെ നുണപറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വർഗീയ കക്ഷിയല്ലെന്ന് പറയുന്ന ഏക പാർട്ടി കോൺഗ്രസ് ആണ്. ഇപ്പോൾ മുസ്ലിം ലീഗും അതേ നിലപാട് എടുക്കുകയാണ്. വർഗീയ ശക്തികളെ വെള്ളപൂശി കൊണ്ടാണ് യുഡിഎഫ് ജാഥ തുടങ്ങിയതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
ലീഗിന്റെ ആശയ രൂപീകരണത്തെ ജമാഅത്തെ ഇസ്ലാമി സ്വാധീനിക്കുന്നുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക്കിനായാണ് ജമാഅത്തെ ഇസ്ലാമി നിലകൊള്ളുന്നത്. കോലിബി സഖ്യത്തിനൊപ്പം ജമാഅത്തെ ഇസ്ലാമി ചേരുകയാണ്. ജമാഅത്തെ ഇസ്ലാമി ബന്ധത്തിലൂടെ ചരിത്രത്തിലില്ലാത്ത പ്രതിസന്ധി യുഡിഎഫിനുണ്ടാകും. കേരളത്തെ തിരിച്ചുപിടിക്കും എന്ന് പറഞ്ഞ് യാത്ര നടത്തുന്നവർ കേരളത്തിലെ വികസനത്തെ കുറിച്ച് ചർച്ച ചെയ്യുന്നില്ലെന്നും യുഡിഎഫിന്റെ പുതുയുഗ യാത്ര വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം എൽഡിഎഫിന്റെ വടക്കൻമേഖല വികസനമുന്നേറ്റ ജാഥയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിലും ഗോവിന്ദൻ പ്രതികരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ വച്ച് ആളെ കൂട്ടി എന്ന് മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുകയായിരുന്നുവെന്നാണ് ഇത് സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി സംസാരിച്ചയുടൻ പാർട്ടി പ്രവർത്തകർ എഴുന്നേറ്റ് പോയ സംഭവം സംഘടനാപരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ എം വി ഗോവിന്ദന് മറവിരോഗമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 42 വർഷം ജമാഅത്തെ ഇസ്ലാമി സിപിഐഎമ്മിനോടൊപ്പായിരുന്നു. എം വി ഗോവിന്ദന് മറവിരോഗമാണ്. മറവി രോഗം വന്നാൽ ഒന്നും ചെയ്യാൻ കഴിയില്ല. മനഃപൂർവമായ മറവിയാണിത്. യുഡിഎഫിന് പിന്തുണ നൽകിയപ്പോൾ ജമാഅത്തെ ഇസ്ലാമി വർഗീയവാദിയാകുന്നത് എങ്ങനെയാണെന്നും സിപിഐഎം തങ്ങളെ വർഗീയത പഠിപ്പിക്കേണ്ടെന്നും അദ്ദേഹം ചോദിച്ചു.നിയമസഭയിൽ 110 സീറ്റ് നേടുകയെന്ന എൽഡിഎഫിന്റെ ലക്ഷ്യത്തെ ഉന്നംവെച്ച വി ഡി സതീശൻ, 110 എന്നത് തോറ്റതിനുശേഷം പിണറായി വിജയൻ ഓടുന്ന സ്പീഡ് ആയിരിക്കും ഉദ്ദേശിച്ചതെന്ന് പരിഹസിച്ചു.
അതേസമയം ജമാഅത്തെ ഇസ്ലാമിയോടുള്ള സമസ്തയുടെ നിലപാട് സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് സതീശൻ തന്ത്രപരമായി ഒഴിഞ്ഞുമാറി. സംഘടനയുടെ സ്വാതന്ത്ര്യത്തിൽ ഇടപെടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ല. എല്ലാ വിഷയത്തിലും അഭിപ്രായം പറയേണ്ട ആളല്ല രാഷ്ട്രീയ നേതാക്കൾ. ജമാഅത്തെ ഇസ്ലാമി മത രാഷ്ട്രവാദം ഉപേക്ഷിച്ചു എന്നത് അവരുടെ അമീറിന്റെ പ്രസ്താവന ഉദ്ധരിച്ചതാണ്. സംഘടനകൾ തമ്മിലുള്ള പ്രശ്നങ്ങളിൽ ഞങ്ങൾ കക്ഷികളല്ല. ഓരോ ദിവസവും ഇതിന് മറുപടി നൽകേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlights: MV Govindan says CPIM has never formed an alliance with Jamaat e Islami, V D Satheesan criticize him and said he had amnesia