ഇടതുകോട്ട പിടിക്കാൻ ലീഗിലെ പ്രധാനി; കൂത്തുപറമ്പിൽ സഫാരി സൈനുൽ ആബിദീനിനെ ലീഗ് രംഗത്തിറക്കുമെന്ന് സൂചന

സുപ്രഭാതം ദിനപത്രത്തിന്റെ വൈസ് ചെയർമാൻ കൂടിയായ ആബിദീനിന് സമസ്തയുമായും അടുത്ത ബന്ധമാണുള്ളത്

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലം പിടിക്കാൻ പ്രവാസി വ്യവസായിയും പാര്‍ട്ടി അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ സഫാരി സൈനുൽ ആബിദീനിനെ ലീഗ് രംഗത്തിറക്കിയേക്കും. ലീഗിന് ശക്തമായ സ്വാധീനമാണ് മണ്ഡലത്തിലുള്ളത്. അത് വോട്ടാക്കാൻ സ്വദേശത്തും വിദേശത്തും പ്രശസ്തനായ നേതാവിനെത്തന്നെ രംഗത്തിറക്കിറക്കുകയാണ് ലീഗ്.

ഏതാനും വർഷം മുൻപാണ് സഫാരി സൈനുൽ ആബിദീനിനെ മുസ്‌ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റായി നിയമിച്ചത്. ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിരവധി ബിസിനസ് ശൃംഖലകളുള്ള വ്യക്തിയാണ് സഫാരി സൈനുൽ ആബിദീൻ. സുപ്രഭാതം ദിനപത്രത്തിന്റെ വൈസ് ചെയർമാൻ കൂടിയായ ആബിദീനിന് സമസ്തയുമായും അടുത്ത ബന്ധമാണുള്ളത്. ഇത് തങ്ങൾക്ക് തുണയാകും എന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. മണ്ഡലത്തിലെ ലീഗിനുള്ളിൽ ഗ്രൂപ്പ് വഴക്കും വിഭാഗീയതയും ഉണ്ട്. ഇത് യുഡിഎഫിന്റെ തോൽവിക്കിടയാക്കുന്നുമുണ്ട്. ഇതിന് പരിഹാരമായിക്കൂടിയാണ് സഫാരി സൈനുൽ അബീദിനിനെ രംഗത്തിറക്കാൻ ലീഗ് തീരുമാനിക്കുന്നത്.

എൽഡിഎഫ് കോട്ടയായിരുന്ന കൂത്തുപറമ്പ് മണ്ഡലത്തിൽ അവസാനമായി 2011ലാണ് യുഡിഎഫ് വിജയിച്ചത്. കെ പി മോഹനനാണ് അന്ന് ജയിച്ചത്. എന്നാൽ പിന്നീട് 2016, 2021 എന്നീ വർഷങ്ങളിൽ എൽഡിഎഫ് മണ്ഡലം പിടിച്ചെടുത്തു. തങ്ങൾക്ക് ശക്തമായ വോട്ട് ബാങ്കുള്ള മണ്ഡലത്തിൽ മികച്ച സ്ഥാനാർത്ഥിയും ഒത്തിണക്കവും ഉണ്ടെങ്കിൽ വിജയിക്കാമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്.

കൂത്തുപറമ്പിലെ പാർട്ടിക്കുള്ളിലെ പ്രാദേശിക പ്രശ്നങ്ങൾ ഇതുവഴി പരിഹരിക്കാമെന്നും ലീഗ് കണക്കുകൂട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ കൂത്തുപറമ്പിലെത്തിയിരുന്നു. പൊട്ടക്കണ്ടി അബ്ദുല്ല അടക്കമുള്ള നേതാക്കളുമായി ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Highlights: For the upcoming Kerala Assembly elections, the Muslim League is reportedly considering fielding Safari zainul Abideen, an expatriate businessman and the party’s All India Vice President, as its candidate in Koothuparamba constituency

To advertise here,contact us