ആലപ്പുഴ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ കെ സുധാകരൻ. അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് കെ സുധാകരൻ പറഞ്ഞു. രാഷ്ട്രീയത്തിൽ വേറൊരാളെ ഇല്ലാതാക്കുക എന്ന പൊളിറ്റിക്സ് ആണ് ഇവിടെ സിപിഐഎമ്മും ഇടതുപക്ഷവും കൊണ്ടുനടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
ചോദ്യം ചെയ്യട്ടെ, അപ്പോഴല്ലേ സത്യം പുറത്തുവരികയുള്ളൂ. ഒരു കേസ് വന്നാൽ യുഡിഎഫ് കൺവീനറെയല്ല കെപിസിസി പ്രസിഡന്റിനെ വരെ ചോദ്യം ചെയ്യും. അത് സ്വാഭാവികമാണ്. നിയമപരമായ നടപടിയാണിത്. ഇതിലും വലിയതൊക്കെ കണ്ട് വന്നവരാണ് തങ്ങളെന്നും ഇതൊന്നും ഒരു പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് യുഡിഎഫ് ആണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെ കുറിച്ച് രൂക്ഷമായാണ് സുധാകരൻ പ്രതികരിച്ചത്. ആരെങ്കിലും വായിൽ തോന്നിയത് വിളിച്ചു പറയുന്നത് ഒന്നും യാഥാർത്ഥ്യമല്ല. സത്യം കണ്ടെത്തേണ്ടത് അന്വേഷണത്തിലാണ്. അന്വേഷണത്തിൽ എല്ലാം പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായിയുള്ള ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതെങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് കെ മുരളീധരന് പറഞ്ഞു. പോറ്റിക്കൊപ്പം മുഖ്യമന്ത്രിയുടേയും ഫോട്ടോ ഉണ്ടല്ലോയെന്ന് പറഞ്ഞ അദ്ദേഹം, ശബരിമല സ്വര്‍ണക്കൊള്ളയിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവരെ രക്ഷിക്കാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കസർത്തിൻ്റെ ഭാഗമായാണ് എസ്ഐടിയുടെ ഈ പ്രവർത്തനമെന്നും പ്രതികരിച്ചു.
എസ്ഐടി ഇപ്പോള്‍ മുഖ്യമന്ത്രിക്ക് കീഴിലാണെന്നും ഹൈക്കോടതിക്ക് കീഴിലല്ലെന്നും മുരളീധരൻ വിമർശിച്ചു. റിപ്പോർട്ട് മാത്രമാണ് എസ്ഐടി ഹൈക്കോടതിക്ക് നൽകുന്നത്. ഉത്തരവ് ഇടുന്നത് മുഖ്യമന്ത്രിയാണ്. പോറ്റിയെ കേറ്റിയതും സ്വര്‍ണം കട്ടതും സിപിഐഎം ആണ്. എസ്ഐടിയുടെ ചോദ്യം ചെയ്യൽ നടക്കട്ടെയെന്നും ബാക്കി കാര്യങ്ങൾ ആലോചിച്ച് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ യുഡിഎഫിൻ്റെ പുതുയുഗ യാത്ര'യിലെ ആളുകളെ കണ്ട് മുഖ്യമന്ത്രിയുടെ സമനിലതെറ്റി. ജാഥയ്ക്ക് ഇതൊന്നും തിരിച്ചടിയാകില്ല. യഥാര്‍ത്ഥ കളളന്മാരെ രക്ഷിക്കാൻ നോക്കേണ്ടെന്നും തങ്ങൾ അധികാരത്തിലെത്തിയാൽ അവരെ പിടിച്ച് അകത്തിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്വന്തം പാർട്ടിക്കാർ ജയിലിൽ കിടക്കുമ്പോൾ അവർക്കെതിരെ നടപടി എടുക്കാൻ ധൈര്യമില്ലാത്ത മുഖ്യമന്ത്രി എങ്ങനെയെങ്കിലും ഈ കുറ്റം മറ്റുള്ളവരിൽ ചാർത്താൻ ശ്രമിക്കുകയാണെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞത്. അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രിയോട് സഹതാപം മാത്രമാണെന്നും മുഖ്യമന്ത്രിയുടെ സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 2004 ൽ താൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോളാണ് പോറ്റിയ്ക്ക് കയറാൻ അവസരം ഒരുക്കിയതെന്നാണ് ആരോപണം. എസ്ഐടി അന്വേഷിക്കട്ടെയെന്നും തന്റെ പ്രവർത്തനം എങ്ങനെ എന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. പോറ്റിയുടെ ഒപ്പമുള്ള തൻ്റെ ഫോട്ടോ കിട്ടാൻ ഒരുപാട് ശ്രമിച്ചിട്ടും ഇതുവരെ കിട്ടിയില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. വേറുതെ ആരെയെങ്കിലും ചെളിവാരിയെറിഞ്ഞാൽ സ്വന്തം ദേഹത്ത് പുരണ്ട ചെളി പോകുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് തങ്ങൾ നേരെത്തെ പറഞ്ഞതാണ്. കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾക്ക് ആർക്കും ജയിലിൽ പോകേണ്ടി വരില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രിയോട് സഹതാപം മാത്രമാണ്. അദ്ദേഹത്തിന്റെ സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്ന് പറയേണ്ടിവരുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. 2004 ഞാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോളാണ് പോറ്റിയ്ക്ക് കയറാൻ പറ്റിയതെന്നാണ് പറയുന്നത്. അതെല്ലാം എസ്ഐടി അന്വേഷിക്കട്ടെയെന്നും തന്റെ പ്രവർത്തനം എങ്ങനെ എന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു.
പോറ്റിയുടെ ഒപ്പമുള്ള തൻ്റെ ഫോട്ടോ കിട്ടാൻ ഒരുപാട് ശ്രമിച്ചിട്ടും ഇതുവരെ കിട്ടിയില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. വേറുതെ ആരെയെങ്കിലും ചെളിവാരിയെറിഞ്ഞാൽ സ്വന്തം ദേഹത്ത് പുരണ്ട ചെളി പോകുമെന്ന് കരുതണ്ട. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് നേരെത്തെ പറഞ്ഞതാണ്. കേസുമായി ബന്ധപ്പെട്ട് യു ഡി എഫ് നേതാക്കൾക്ക് ആർക്കും ജയിലിൽ പോകേണ്ടി വരില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
Content Highlights: congress leader K Sudhakaran reacts on The Special Investigation Team questioned Adoor Prakash in connection with the Sabarimala gold theft case