'ഉമ്മൻചാണ്ടിയെ ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു'; മുൻ പിഎസിന്റ നിർണായക മൊഴി

തന്നോടും മറ്റ് പല ജീവനക്കാരോടും ഗണേഷ്‌കുമാർ ഇത്തരത്തിൽ പറഞ്ഞിരുന്നതായും സുധീർ പറഞ്ഞു

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്ന് കെ ബി ഗണേഷ്‌കുമാർ പറഞ്ഞിരുന്നതായി മൊഴി. ഗണേഷ്‌കുമാറിൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സുധീർ മലയിലാണ് കഴിഞ്ഞ ദിവസം കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി നൽകിയത്. 2011 മുതൽ 2013 വരെ ഗണേഷ്‌കുമാറിൻ്റെ പേഴ്സണൽ സ്റ്റാഫ് ആയിരുന്നു സുധീർ മലയിൽ.

സോളാർ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ സാക്ഷിയാണ് സുധീർ. ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ സോളാർ കേസ് പ്രതിയുടെ കത്തിൽ ഗൂഢാലോചന നടത്തി നാലുപേജ് അധികമായി കൂട്ടിച്ചേർത്തു എന്നാണ് കേസ്. സുധീർ ഈ കേസിലെ നാലാം സാക്ഷിയാണ്. ഗണേഷ്‌കുമാർ പരാതിക്കാരിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നും മന്ത്രിയുടെ ഔദ്യോഗിക വസതികളിലും ഓഫീസുകളിലും നിത്യ സന്ദർശകയായിരുന്നുവെന്നും സുധീറിന്റെ മൊഴിയിലുണ്ട്.

മന്ത്രിസ്ഥാനം തിരികെ നൽകാത്തതിന്റെ പകയിലാണ് ഗണേഷ്കുമാർ ഇത്തരത്തിൽ പറഞ്ഞത് എന്നും സുധീർ പറഞ്ഞു. ഉമ്മൻ‌ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ഗണേഷ്കുമാറിന് ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിന്മേൽ രാജിവെക്കേണ്ടിവന്നിരുന്നു. 2013 ഏപ്രിൽ രണ്ടിനാണ് ഗണേഷ്‌കുമാർ രാജിവെച്ചത്.

കേസ് ഒത്തുതീർന്നതിന് പിന്നാലെ ഗണേഷ്‌കുമാർ പലതവണ മന്ത്രിസ്ഥാനം തിരികെ ആവശ്യപ്പെട്ട് ഉമ്മൻചാണ്ടിയെ കണ്ടിരുന്നുവെങ്കിലും നടന്നില്ല. ഇതിന് പിന്നാലെ ഉമ്മൻചാണ്ടിയെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹത്തെയും യുഡിഎഫ് നേതാക്കളെയും ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്നും ഗണേഷ് പറഞ്ഞുവെന്ന് സുധീർ പറയുന്നു. തന്നോടും മറ്റ് പല ജീവനക്കാരോടും ഗണേഷ്‌കുമാർ ഇത്തരത്തിൽ പറഞ്ഞിരുന്നതായും സുധീർ പറഞ്ഞു.

സോളാർ കമ്മീഷൻ റിപ്പോർട്ടിൽ ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെട്ടെന്നറിഞ്ഞപ്പോഴാണ് ഗൂഢാലോചന മനസിലായതിനും സുധീർ മൊഴി നൽകി.

Content Highlights: A former personal staff member of GaneshKuma, Sudheer Malayil, has testified in the Kottarakkara Judicial First Class Magistrate Court that minister K. B. Ganesh Kumar had earlier said Chandy would be trapped in a woman-related case

To advertise here,contact us