തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന് ലഭിച്ച പത്മ വിഭൂഷൺ ബഹുമതി കുടുംബം സ്വീകരിക്കില്ല. പത്മ പുരസ്കാരം സ്വീകരിക്കുന്ന കീഴ്വഴക്കം പാർട്ടിക്കില്ലെന്ന നിലപാടിനൊപ്പം നിന്നാണ് കുടുംബം പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് തീരുമാനിച്ചത്.
സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയുമായി ആലോചിച്ചാണ് വി എസിന്റെ മകൻ വി എ അരുൺ കുമാർ നിലപാട് വ്യക്തമാക്കിയത്. പത്മ പുരസ്കാരങ്ങൾ സ്വീകരിക്കുന്ന കീഴ്വഴക്കം പാർട്ടിക്കില്ലെന്ന് മുൻകാല നിലപാടുകൾ ചൂണ്ടിക്കാട്ടി നേതൃത്വം കുടുംബത്തെ അറിയിച്ചിരുന്നു. വിഷയത്തിൽ താൻ പാർട്ടിയുടെ നിലപാടിനൊപ്പം നിൽക്കുമെന്ന് അരുൺ കുമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വി എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് കുടുംബം വിശ്വസിക്കുന്നുവെന്നും സ്വീകരിക്കുന്നത് സംബന്ധിച്ച് പാർട്ടി നിലപാടുകൾക്കൊപ്പമായിരിക്കുമെന്നും പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ അരുൺകുമാർ വ്യക്തമാക്കിയിരുന്നു. അതേസമയം കുടുംബത്തിന്റെ തീരുമാനത്തിന് ഒപ്പമാണ് പാർട്ടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
പത്മ പുരസ്കാരങ്ങൾ സ്വീകരിക്കുന്ന പതിവ് സിപിഐഎം നേതാക്കൾക്കിടയിലില്ല. 1992 ൽ ഇഎംഎസ് നമ്പൂതിരിപ്പാട് പത്മവിഭൂഷൺ നിരസിച്ചിരുന്നു. 2002 ൽ ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷൺ പുരസ്കാരവും 2008ൽ ജ്യോതി ബസു ഭാരതരത്നയും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഹർകിഷൻ സിങ് സുർജിത്തിന് പത്മഭൂഷൺ നൽകാൻ ധാരണയായപ്പോൾ തിരസ്കരിക്കുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു.
Content Highlights: CPIM leader VS Achuthanandan's family will not accept the Padma Vibhushan award