കാസര്‍കോട്: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കുഞ്ഞികൃഷ്ണന് നട്ടെല്ല് വളയാത്ത കമ്മ്യൂണിസ്റ്റ് ആണെന്നും സിപിഐഎം രക്ഷപ്പെടണം എന്ന് ആഗ്രഹമുള്ള കമ്മ്യൂണിസ്റ്റുകാരുടെ വോട്ട് യുഡിഎഫിനാണ് ലഭിച്ചതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്രയില്‍ പങ്കെടുത്ത് കാസര്‍കോട് കുമ്പളയിൽ സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.
കേരളത്തിലെ സര്‍ക്കാരിന് ആമയുടെ സ്വഭാവമാണെന്നും കെ സി വേണുഗോപാല്‍ പരിഹസിച്ചു. ആവശ്യമുള്ളപ്പോള്‍ തല ഉള്ളിലിടും ആവശ്യമില്ലാത്തപ്പോള്‍ തല പുറത്തിടുകയും ചെയ്യും. അത് മനസ്സിലാക്കിയാണോ കേന്ദ്രം ആമ ഗവേഷണം കേരളത്തില്‍ അനുവദിച്ചതെന്നും കെ സി വേണുഗോപാല്‍ പരിഹസിച്ചു.
ഇത്രയും സര്‍ക്കാര്‍ വിരുദ്ധ വികാരം നമ്മള് കണ്ടിട്ടില്ല. പിണറായി വിജയന്റെ പ്രവര്‍ത്തന ഫലമായി ജനങ്ങളെല്ലാം ബുദ്ധിമുട്ടിയിരിക്കുന്ന കാലത്താണ് വീണ്ടും തെരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. സെമി ഫൈനല്‍ വളരെ വിജയകരമായി പൂര്‍ത്തീകരിച്ചു. ഫൈനല്‍ മത്സരത്തില്‍ എതിരാളികളുടെ ആയുധം നിഷ്പ്രഭമാക്കി വിജയിക്കാന്‍ അന്തരീക്ഷം പാകപ്പെട്ടുകഴിഞ്ഞു. കാലം മാറുന്നതിനനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാത്ത നാടായി നമ്മുടെ നാട് മാറി. ഇത് അപകടകരമായ സാഹചര്യമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ക്ഷേമ പെന്ഷന് നിര്‍ത്തുമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു. കേരള ജനത ആഗ്രഹിക്കുന്ന കാര്യങ്ങള്‍ യുഡിഎഫ് നടപ്പിലാക്കും. പെന്ഷന് കൊടുക്കുന്നത് ഔദാര്യമല്ല. അവകാശമാണ്. അത് നിലനിര്‍ത്താന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധരാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഹൈക്കോടതി മേല്‍നോട്ടം ഉള്ളതുകൊണ്ടാണ് സ്വര്‍ണക്കൊള്ള അന്വേഷണം മുന്നോട്ടുപോയത്. പ്രത്യേക അന്വേഷണസംഘത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നു. കേസ് എത്ര നീട്ടിയാലും അമ്പലക്കള്ളന്മാരുടെ അകത്താക്കിയായിരിക്കും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യനടപടി. രക്ഷപ്പെട്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ആ മോഹം മനസ്സില്‍ വെച്ചാല്‍ മതിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
അതിനിടെ വേദിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന യാത്രയെ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. യുഡിഎഫ് ജാഥയ്ക്ക് മുന്നില്‍ പോയ ജാഥയ്ക്ക് ആളില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം. ആകെ കണ്ടത് കുറച്ച് ഇതര സംസ്ഥാന തൊഴിലാളികളെയാണ്. അതൊക്കെ കണ്ടാല്‍ അറിയാമല്ലോ ഊരിലെ പഞ്ഞമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സെമി ജയിച്ച ടീം തന്നെ ഫൈനലില്‍ കപ്പ് നേടും. കാത്തിരുന്നോളൂ. എല്‍ഡിഎഫിന്റെ സമയം അവസാനിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Content Highlights: v Kunhikrishnan is a staunch communist praise K C Venugopal