'ശ്രീധരൻ ഓഫീസ് തുടങ്ങിയതുകൊണ്ട് എന്ത് കാര്യം? പദ്ധതിക്ക് അനുമതി വേണ്ടേ? ശ്രീധരനാണോ പദ്ധതി ആരംഭിക്കേണ്ടത്?'

'ശ്രീധരന്റെ ഓഫീസ് തുടങ്ങൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നമ്മൾ കണ്ടതാണ്. സ്ഥാനാർഥി ഓഫീസല്ല, എംഎൽഎ ഓഫീസാണ് അദ്ദേഹം തുടങ്ങിയത്'

പത്തനംതിട്ട: അതിവേഗ റെയിലിനായി മലപ്പുറത്ത് ഇ ശ്രീധരൻ ഓഫീസിൽ തുടങ്ങിയതിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീധരൻ ഓഫീസ് തുടങ്ങിയിട്ട് കാര്യമില്ല എന്നും പദ്ധതിക്ക് കേന്ദ്ര അനുമതി വേണ്ടേ എന്നും ചോദിച്ച മുഖ്യമന്ത്രി ശ്രീധരൻ ആണോ പദ്ധതി ആരംഭിക്കേണ്ടത് എന്നും ചോദിച്ചു. പദ്ധതി പ്രഖ്യാപിക്കേണ്ടത് കേന്ദ്രമാണ്. അതിൽ സംസ്ഥാനം വഹിക്കേണ്ട ചില പങ്കുകളുണ്ട്. ബജറ്റിൽ അതിവേഗ റെയിൽ പ്രഖ്യാപിച്ചപ്പോഴും കേരളത്തെ മാറ്റിനിർത്തി. കേരളത്തിന് എന്താണ് കുറവ് എന്നും അർഹതപ്പെട്ടത്‌ കേരളത്തിന് നിഷേധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് മധ്യമേഖലാ ജാഥ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ശ്രീധരൻ പാലക്കാട് എംഎൽഎ ഓഫീസ് തുറന്നതിനെയും മുഖ്യമന്ത്രി പരാമർശിച്ചു. ശ്രീധരന്റെ ഓഫീസ് തുടങ്ങൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നമ്മൾ കണ്ടതാണ്. സ്ഥാനാർഥി ഓഫീസല്ല, എംഎൽഎ ഓഫീസാണ് അദ്ദേഹം തുടങ്ങിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് വരെ അദ്ദേഹം പ്രഖ്യാപിച്ചു. ഇങ്ങനെയെല്ലാമിരിക്കെയും ഞങ്ങൾ അദ്ദേഹത്തെ ഇകഴ്ത്തിക്കണ്ടിട്ടില്ല. എന്നാൽ അതിവേഗ റെയിലുമായി കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും പോസിറ്റീവ് ആയ ഒരു കാര്യവും ഉണ്ടായിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. പാർലമെന്റിൽ റെയിൽവേ മന്ത്രി പോലും കൃത്യമായി മറുപടി നൽകുന്നില്ല എന്നും പദ്ധതിക്ക് അനുമതി ലഭിച്ചാൽ മാത്രമല്ലേ ഓഫീസ് തുടങ്ങിയിട്ട് കാര്യമുള്ളൂ എന്നും മുഖ്യമന്ത്രി ചോദിച്ചു.

റെയിൽവേ മന്ത്രിയെ താൻ കാണാൻ പോയപ്പോൾ അങ്ങനെയൊരു പദ്ധതിയില്ല എന്ന് മനസിലായി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഏത് പദ്ധതിയായാലും അതിവേഗം പോകുന്ന ഒരു റെയിൽ സംസ്ഥാനത്ത് ഉണ്ടാകണം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കെ.വി തോമസിനെയും കൂട്ടി താൻ റെയിൽവേ മന്ത്രിയെ കണ്ടിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു പദ്ധതി കേന്ദ്രത്തിന്റെ മനസിലില്ല എന്ന് മനസിലായത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലൂടെയുള്ള ട്രെയിൻ യാത്രയിൽ വലിയ സമയമാണ് നഷ്ടപ്പെടുന്നത്. കെ റെയിൽ പദ്ധതി നാടിന് അത്യാവശ്യമായിരുന്നു. അനുമതി ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരു പദ്ധതിയും വരാൻ പാടില്ല എന്നതാണ് ചിലരുടെ ഉദ്ധേശമെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ജാഥ ഉദ്‌ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷവിമർശനം അഴിച്ചുവിട്ടു. ശബരിമല സ്വർണ്ണക്കൊള്ള വിഷയം ചർച്ചചെയ്യാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല. അങ്ങനെ ചർച്ച ചെയ്താൽ പ്രതിപക്ഷത്തിന് ബുദ്ധിമുട്ടാകുന്ന ഒരുപാട് കാര്യങ്ങൾ മുന്നിലേക്ക് വരും എന്നുള്ളതിനാലാണത്. നുണ പ്രചരിപ്പിച്ചാൽ ആ പ്രയാസം ഇല്ലല്ലോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു.

പോറ്റിയെ ശബരിമലയിലേക്ക് കയറ്റിയത് എൽഡിഎഫും ദേവസ്വം ബോർഡുമാണ് എന്നാണ് പ്രചരണം നടത്തിയത്. എന്നാൽ പോറ്റി കയറിയത് 2004ലാണ്. ഇന്നത്തെ കോൺഗ്രസ് അഖിലേന്ത്യ നേതാവായിരുന്നു അന്ന് ദേവസ്വം മംന്ത്രി. എല്ലാ കളികളും കളിക്കാനുള്ള അവസരം അന്ന് മുതലാണ് പോറ്റിക്ക് ഒരുങ്ങിയത്. അതുകൊണ്ടാണ് ചർച്ചയിൽ നിന്നും യുഡിഎഫ് ഒളിച്ചോടുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്റെ ബദൽ അയ്യപ്പ സംഗമം പാളി എന്നും യഥാർത്ഥ ഭക്തർ പിന്താങ്ങിയത് ആഗോള അയ്യപ്പ സംഗമത്തെയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന് മുമ്പ് സ്പോൺസർ എന്ന് അവകാശപ്പെട്ട പോറ്റി പീഠം പോയി എന്ന് പറഞ്ഞുകൊണ്ട് വന്നു. ആഗോള അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താനായിരുന്നു പോറ്റി അങ്ങനെയൊരു പ്രസ്താവന നടത്തിയത്. പ്രതിപക്ഷ നേതാവ് അതിനെ പിന്തുണച്ചു. അവസാനം പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നും പീഠം കണ്ടെത്തിയത്. പോറ്റിയും കോൺഗ്രസ് നേതാക്കളും തമ്മിൽ നേരത്തെ അവിശുദ്ധബന്ധം ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ശബരിമല സ്വർണക്കൊള്ളയിൽ ഒരു കുറ്റവാളിയും നിയമത്തിന്റെ കരത്തിൽ നിന്ന് രക്ഷപ്പെടില്ല എന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ശബരിമലയിൽ ഉയർന്നുവന്ന ഒരു പ്രശ്നവും മറച്ചുവെക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. മറഞ്ഞുനിൽക്കുന്ന കുറ്റവാളികളെ കയ്യോടെ പിടികൂടാൻ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ട്. രാജ്യം വിട്ടു പോയ പ്രതികളെ അവിടെയെത്തി കേരള പോലീസ് പിടികൂടിയിട്ടുണ്ട്. തെറ്റ് ചെയ്തവർക്ക് നേരെ ദാക്ഷണ്യമുണ്ടാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Kerala Chief Minister Pinarayi Vijayan criticized the inauguration of E. Sreedharan’s office in Malappuram for the high-speed rail project, calling it ineffective. He questioned whether the project requires central government approval and whether Sreedharan should have initiated the project

To advertise here,contact us