കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് പണം നിക്ഷേപിച്ച നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റിനെതിരെ നടപടി. ഉടമകളുടെ 44.5 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മരവിപ്പിച്ചു. രാജു ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുക്കളാണ് മരവിപ്പിച്ചത്. സ്ഥാപനത്തില്‍ കഴിഞ്ഞദിവസം ഇ ഡി റെയ്ഡ് നടത്തി നിര്‍ണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തിരുന്നു. പത്തനംതിട്ട, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടന്നത്.
പത്തനംതിട്ടയില്‍ തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓഫീസിലും എന്‍എം രാജുവിന്റെ വീട്ടിലുമാണ് പരിശോധന നടന്നത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് റെയ്ഡ് അല്ല, സാമ്പത്തിക ക്രമക്കേടാണ് പരിശോധിക്കുന്നത് എന്നായിരുന്നു ഇ ഡി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
രണ്ടര കോടി രൂപയോളം തന്ത്രി കണ്ഠരര് രാജീവര് നെടുംപറമ്പില്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചിരുന്നു. പിന്നീട് സ്ഥാപനം പൂട്ടിപ്പോയെങ്കിലും പരാതി നല്‍കാനോ പൊലീസിനെ സമീപിക്കാനോ തന്ത്രി തയ്യാറായിരുന്നില്ല. ഇത് സംശയത്തിനിടയാക്കിയിരുന്നു. അതോടൊപ്പം പത്തനംതിട്ട എംപി ആന്റോ ആന്റണി രണ്ടര കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചതായി സിപിഐഎം നേതാവ് കെ പി ഉദയഭാനു ആരോപിച്ചിരുന്നു. ഇതും സംശയത്തിന് വഴിവെച്ചിരുന്നു.
കേരള കോണ്‍ഗ്രസ് എം പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു എന്‍ എം രാജു. മുന്‍പ് സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ എം രാജു അറസ്റ്റിലായിരുന്നു. നേരത്തെ തന്നെ സ്ഥാപനത്തിനെതിരെ നിരവധി പരാതികള്‍ ഉയരുകയും അന്വേഷണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു എന്‍ എം രാജുവിന്റെ അറസ്റ്റ്. സ്ഥാപനം പൂട്ടിപ്പോയി എന്ന് പറയുമ്പോളും നിലവില്‍ ചില ജീവനക്കാര്‍ ജോലി ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ ഭാഗീകമായി നടക്കുകയും ചെയ്യുന്നുണ്ട്.
Content Highlights:Nedumparambil credit syndicate assets worth Rs 44.5 crore frozen by ed