സംസ്ഥാനത്തെ മുസ്‌ലിം സമൂഹം സര്‍ക്കാരില്‍ നിന്ന് അനര്‍ഹമായി ഒന്നും നേടിയെടുത്തിട്ടില്ല; കാന്തപുരം

മറ്റൊരു സമൂഹത്തിന്റെയും അവകാശം കവര്‍ന്നെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: മുസ്‌ലിം സമൂഹം സര്‍ക്കാരില്‍ നിന്ന് ഒന്നും നേടിയെടുത്തിട്ടില്ലെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മറ്റൊരു സമൂഹത്തിന്റെയും അവകാശം കവര്‍ന്നെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാരന്തൂര്‍ മര്‍കസ് സനദ്ദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യാനുപാതികമായി അര്‍ഹതപ്പെട്ടതിന്റെ അയലത്ത് പോലും എത്തിയിട്ടില്ല എന്നത് പലപ്പോഴും സര്‍ക്കാര്‍ തന്നെ നിയോഗിച്ച വിവിധ കമ്മീഷനുകളുടെ പഠനത്തില്‍ തെളിയിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ്. മുസ്‌ലിം സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ ജനാധിപത്യ സമൂഹം തള്ളികളയണം. വിവാദങ്ങളുടെ ഒഴുക്കില്‍ വീണുപോകാതിരിക്കാനുള്ള ഇച്ഛാശക്തി മുസ്‌ലിം സമൂഹത്തിനുണ്ട്. എല്ലാ പൗരന്മാര്‍ക്കും തുല്യ നീതിയും അവകാശവും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. എസ്‌ഐആറില്‍ ഒരു പൗരനും അന്യായമായി പുറത്താക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

ആഗോള രാഷ്ട്രീയ സാഹചര്യം സമാധാനകാംക്ഷികള്‍ക്ക് ആശയങ്കയുണ്ടാക്കുന്നതാണ്. രാഷ്ട്രീയ ഘടനയെയും സാമൂഹിക സാഹചര്യത്തെയും സാമ്പത്തിക സ്ഥിരതയെയും പ്രതികൂലമായി ബാധിക്കാനിടയുള്ള സാഹചര്യങ്ങളില്‍ നിന്ന് ഭരണകൂടങ്ങള്‍ പിന്മാറണം. അസ്ഥിരത അകറ്റാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ നയതന്ത്ര സ്വാധീനം പ്രയോജനപ്പെടുത്തണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

രാജ്യത്തെ പൗര സമൂഹത്തിന് തുല്യ നീതിയും തുല്യ അവകാശവും പകര്‍ന്നുനല്‍കുക എന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്ന്. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പ്രദേശത്തിന്റെ പേരില്‍ ഉണ്ടാകുന്ന ഏത് വിവേചനവും ഭരണഘടന തത്വങ്ങളോടുള്ള അവഹേളനമാണ്. അന്തസ്സുള്ള ജീവിതം എന്നത് ഒരു പൗരന് ഭരണഘടന നല്‍കുന്ന അവകാശമാണ്. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരു പ്രവര്‍ത്തനവും അനുവദിച്ചുകൂടായെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: kanthapuram ap aboobacker musliyar says Muslim Community Receives No Unfair Benefits from Government

To advertise here,contact us