'പിണറായിക്കും ഗോവിന്ദനും ചിത്തഭ്രമം, ഭഗവാന്റെ സ്വർണം മോഷ്ടിച്ചവർക്ക് ദൈവശാപം കിട്ടും; ആഞ്ഞടിച്ച് കെ മുരളീധരൻ

എല്ലായിടത്തും കയ്യിട്ട് വാരിയ ഭരണമാണ് പിണറായി സർക്കാരിന്റേതെന്നും മുരളീധരൻ

കാസർകോട്: പിണറായി വിജയനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരൻ. പിണറായി സർക്കാർ അവസാന ശ്വാസം വലിക്കുകയാണെന്നും വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും കെ മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്രയില്‍ സംസാരിക്കുകയായിരുന്നു മുരളീധരൻ.

എല്ലായിടത്തും കയ്യിട്ട് വാരിയ ഭരണമാണ് പിണറായി സർക്കാരിന്റേതെന്നും മുരളീധരൻ വിമർശിച്ചു. ശബരിമലയിലെ സ്വർണം കട്ടെടുത്ത സർക്കാരാണിത്. ഭഗവാന്റെ സ്വർണം മോഷ്ടിച്ചവർക്ക് ദൈവശാപം കിട്ടുമെന്നും മുരളീധരൻ പറഞ്ഞു. പിണറായിക്കും ഗോവിന്ദനും ചിത്തഭ്രമം ബാധിച്ചുവെന്നും അയ്യപ്പന്റെ സ്വർണം കട്ടവരെല്ലാം ജയിലിൽ നിന്ന് പുറത്തിറങ്ങുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ഭഗവാന്റെ സ്വർണം കട്ടവരെ അകത്താകുമെന്നും മുരളീധരൻ ഉറപ്പ് നൽകി.

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിലും മുരളീധരൻ പ്രതികരിച്ചു. കുഞ്ഞികൃഷ്ണനെ ചീത്ത പറയാൻ അല്ലാതെ സിപിഐഎം കണക്ക് പറയാനായി വാർത്താസമ്മേളനം വിളിക്കുന്നില്ല എന്നായിരുന്നു വിമർശനം. നേരത്തെ പുതുയുഗ യാത്ര വേദിയിൽ കെ സി വേണുഗോപാലും കുഞ്ഞികൃഷ്ണനെ പരാമർശിച്ചിരുന്നു. കുഞ്ഞികൃഷ്ണന്‍ നട്ടെല്ല് വളയാത്ത കമ്മ്യൂണിസ്റ്റ് ആണെന്നും സിപിഐഎം രക്ഷപ്പെടണം എന്ന് ആഗ്രഹമുള്ള കമ്മ്യൂണിസ്റ്റുകാരുടെ വോട്ട് യുഡിഎഫിനാണ് ലഭിച്ചതെന്നുമാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്.

കേരളത്തിലെ സര്‍ക്കാരിന് ആമയുടെ സ്വഭാവമാണെന്നും കെ സി വേണുഗോപാല്‍ പരിഹസിച്ചിരുന്നു. ആവശ്യമുള്ളപ്പോള്‍ തല ഉള്ളിലിടും ആവശ്യമില്ലാത്തപ്പോള്‍ തല പുറത്തിടുകയും ചെയ്യും. അത് മനസ്സിലാക്കിയാണോ കേന്ദ്രം ആമ ഗവേഷണം കേരളത്തില്‍ അനുവദിച്ചതെന്നും കെ സി വേണുഗോപാല്‍ പരിഹസിച്ചിരുന്നു.

ഇത്രയും സര്‍ക്കാര്‍ വിരുദ്ധ വികാരം നമ്മള്‍ കണ്ടിട്ടില്ല. പിണറായി വിജയന്റെ പ്രവര്‍ത്തന ഫലമായി ജനങ്ങളെല്ലാം ബുദ്ധിമുട്ടിയിരിക്കുന്ന കാലത്താണ് വീണ്ടും തെരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. സെമി ഫൈനല്‍ വളരെ വിജയകരമായി പൂര്‍ത്തീകരിച്ചു. ഫൈനല്‍ മത്സരത്തില്‍ എതിരാളികളുടെ ആയുധം നിഷ്പ്രഭമാക്കി വിജയിക്കാന്‍ അന്തരീക്ഷം പാകപ്പെട്ടുകഴിഞ്ഞു. കാലം മാറുന്നതിനനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാത്ത നാടായി നമ്മുടെ നാട് മാറി. ഇത് അപകടകരമായ സാഹചര്യമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Content Highlights: K. Muraleedharan strongly criticized Kerala Chief Minister Pinarayi Vijayan and the CPM, claiming that the Pinarayi government is nearing its end. He predicted that in the upcoming elections, the UDF will return to power with a significant majority

To advertise here,contact us