'മണിയന്‍പിളള രാജു മൂന്ന് വര്‍ഷമായി മദ്യപിക്കാറില്ല, കാര്‍ മകന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്': സുഹൃത്ത്

മണിയന്‍പിളള രാജു മദ്യപിച്ചിരുന്നു എന്ന് പറയുന്നത് കളളമാണെന്നും സുഹൃത്ത് പറഞ്ഞു

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തില്‍ പ്രതികരണവുമായി നടന്‍ മണിയന്‍പിളള രാജുവിന്റെ സുഹൃത്ത്. മണിയന്‍പിളള രാജു മദ്യപിച്ചിരുന്നു എന്ന് പറയുന്നത് കളളമാണെന്നും മൂന്ന് വര്‍ഷമായി അദ്ദേഹം മദ്യപിക്കാറില്ലെന്നും സുഹൃത്ത് പറഞ്ഞു. ഇന്നലെ രാത്രി വാഹനാപകടം നടന്നതിന് പിന്നാലെ മണിയന്‍പിളള രാജു വിളിച്ചിരുന്നു. വാഹനം അപകടത്തില്‍പ്പെട്ടു എന്ന് പറഞ്ഞു. അദ്ദേഹം മദ്യപിച്ചിട്ടുണ്ടായിരുന്നില്ല. മദ്യപിച്ചു എന്ന് പറയുന്നത് കളളമാണ്. വാഹനം എങ്ങോട്ടേക്കും മാറ്റിയതായിരുന്നില്ല. ടെന്നീസ് ക്ലബിന് സമീപത്തെ മകന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ റോഡില്‍ ഒതുക്കിയിടുകയായിരുന്നു. ഇന്നലെ അദ്ദേഹം അവിടെയാണ് തങ്ങിയതും': മണിയന്‍പിളള രാജുവിന്റെ സുഹൃത്ത് പറഞ്ഞു.

ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.  ക്ലബ്ബിന്റെ പാർക്കിങ്ങിൽ നിന്ന് മണിയൻപിള്ള രാജു വാഹനം പുറത്തേക്ക് ഇറക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗത്ത് ബൈക്ക് വന്ന് ഇടിക്കുന്നതും യുവാക്കൾ റോഡിലേക്ക് തെറിച്ചു വീഴുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ഇൻഡികേറ്റർ ഇട്ട് പതിയെ ആണ് പ്രധാന റേഡിലേക്ക് മണിയൻപിള്ള രാജു വാഹനം എടുക്കുന്നത്. എന്നാൽ ബൈക്ക് വന്ന് ഇടിച്ചതിന് ശേഷം അദ്ദേഹം വാഹനം നിർത്താതെ എടുത്തുപോകുകയായിരുന്നു. ബൈക്ക് തന്‍റെ വാഹനത്തിൽ വന്ന് ഇടിക്കുകയായിരുന്നു എന്ന മണിയൻപിള്ള രാജുവിന്‍റെ വാദം ശരിവെക്കുന്നതാണ് ദൃശ്യങ്ങൾ.

സംഭവത്തിൽ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ മ്യൂസിയം പൊലീസ്, വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു. അപകടത്തിൽപ്പെട്ട വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബൈക്ക് തന്റെ വാഹനത്തിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നും ഭയപ്പെട്ടതുകൊണ്ടാണ് നിർത്താതെ പോയതെന്നും മണിയൻപിളള രാജു നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അപകടം നടന്നയുടൻ തന്നെ ആംബുലൻസ് എത്തിക്കാൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും പറഞ്ഞിരുന്നു.

ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ട്രിവാർഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവർക്ക് പരിക്കേറ്റിരുന്നു. സൂരജിനെ എസ്പി ഫോർട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായി. 

Content Highlights: 'Maniyanpilla Raju hasn't drunk alcohol for three years, took the car to his son's house': Friend

To advertise here,contact us