ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടം: മണിയൻപിള്ള രാജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; കാർ പൊലീസ് കസ്റ്റഡിയിൽ

ബൈക്ക് തന്റെ വാഹനത്തില്‍ വന്നിടിക്കുകയായിരുന്നുവെന്നും ഭയപ്പെട്ടതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നും മണിയന്‍പിളള രാജു പറഞ്ഞിരുന്നു

തിരുവനന്തപുരം: കാര്‍ ഇടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ജീവഹാനി വരുത്തുന്ന രീതിയില്‍ വാഹനം ഓടിച്ചു, ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയി, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് മണിയന്‍പിള്ള രാജുവിനെതിരെ ചുമത്തിയിരിക്കുന്നത്. അപകടമുണ്ടാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനത്തിന്റ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്.

അല്‍പസമയം മുന്‍പായിരുന്നു മണിയന്‍പിളള രാജു പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്. തുടര്‍ന്ന് വൈദ്യപരിശോധന നടത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു മണിയന്‍പിള്ള രാജുവിനെതിരെ ചുമത്തിയിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.

ബൈക്ക് തന്റെ വാഹനത്തില്‍ വന്നിടിക്കുകയായിരുന്നുവെന്നും ഭയപ്പെട്ടതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നും മണിയന്‍പിളള രാജു മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞിരുന്നു. അപകടം നടന്നയുടന്‍ തന്നെ ആംബുലന്‍സ് എത്തിക്കാന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും വാഹനം സ്റ്റേഷനില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ട്രിവാര്‍ഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ വോള്‍വോ കാര്‍ ഇടിച്ചാണ് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരിക്കേറ്റത്. അമിത വേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ച് തെറിച്ചുപോകുകയായിരുന്നു. ഇതിന് പിന്നാലെ കാര്‍ നിര്‍ത്താതെ മണിയന്‍പിള്ള രാജു ഓടിച്ച് പോകുകയായിരുന്നു. ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സൂരജിനെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായി. അപകടത്തില്‍പ്പെട്ട ബൈക്ക് ഫയര്‍ഫോഴ്സ് എത്തി റോഡരികിലേക്ക് മാറ്റിയിരുന്നു.

Content Highlights- Actor Maniyanpilla Raju was released on station bail following a road accident that occurred in front of the Trivandrum Club

To advertise here,contact us