ആനക്കമ്പത്തിൽ വിഷ്ണു തെരഞ്ഞെടുത്ത ജോലി, ഏറെ സ്‌നേഹിച്ച കുട്ടിക്കൊമ്പന്‍ ജീവനെടുത്തു; ബാക്കിയായി ആ സ്വപ്‌നം

ഏറെ സ്‌നേഹിച്ച ആന തന്നെ വിഷ്ണുവിനെ വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി എന്നതിന്റെ നടുക്കത്തിലാണ് സഹപ്രവർത്തകർ

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനായിരുന്ന വിഷ്ണുവിനെ ആന ചവിട്ടിക്കൊന്നതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. കഴിഞ്ഞ എട്ടുവർഷത്തോളമായി കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനായി ജോലി ചെയ്തുവരികയായിരുന്നു വിഷ്ണു. ഏറ്റവും സ്‌നേഹിച്ചതും വിശ്വസിച്ചതുമായ മനു എന്ന ആനയായിരുന്നു വിഷ്ണുവിൻ്റെ ജീവനെടുത്തത്.

പാപ്പാൻ ജോലിയോടുള്ള പ്രിയമാണ് വിഷ്ണുവിനെ കോട്ടൂരില്‍ എത്തിച്ചത്. കുറുമ്പ് കാണിക്കുന്ന കുട്ടിക്കൊമ്പനെ അനുസരിപ്പിക്കാൻ വിഷ്ണുവിന് മാത്രമേ കഴിഞ്ഞിരുന്നുള്ളുവെന്ന് എല്ലാവരും പറയുന്നു. പെട്ടെന്ന് എന്ത് പ്രകോപനമാണ് ആനയ്ക്ക് ഉണ്ടായതെന്ന് ആർക്കും മനസിലായിട്ടില്ല. ഏറെ സ്‌നേഹിച്ച ആന തന്നെ വിഷ്ണുവിനെ വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി എന്നതിന്റെ നടുക്കത്തിലാണ് ആന പരിപാലന കേന്ദ്രത്തിലുള്ളവർ.

2007ൽ സ്ഥാപിതമായി ആന കേന്ദ്രത്തിൽ മുമ്പും ചെറിയ ആക്രമണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇവയൊന്നും പുറത്തുവന്നിട്ടില്ല. പാപ്പാന്മാർക്കും സഞ്ചാരികൾക്കും നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. 2022 നവംബറിൽ തീറ്റ നൽകുന്നതിനിടയിൽ ഒരു പാപ്പാന്റെ വിരലുകൾ ആന കടിച്ചു മുറിച്ചിരുന്നു.

നെയ്യാർ ഡാം റിസർവോയറിന്റെ കാപ്പുകാട് കിഴക്കുമല പ്രദേശത്താണ് ആനകളെ കുളിപ്പിക്കുന്നത്. വിഷ്ണുവിനെ നന്നായി അനുസരിക്കാറുള്ള മനു തുമ്പിക്കൈയിൽ കോരിയെടുത്താണ് വെള്ളത്തിൽ അടിച്ചത്. പിന്നാലെ ശരീരത്തിൽ ചവിട്ടുകയാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആനയെ വിരട്ടി മാറ്റിയ ശേഷമാണ് വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചത്.

18ാം വയസിലാണ് വിഷ്ണു കോട്ടൂർ എത്തുന്നത്. പിതാവിന്റെ നാടായ വിതുരയിൽ വച്ച് ആനകളോട് തോന്നിയ കമ്പമാണ് പാപ്പാൻ ജോലി തെരഞ്ഞെടുക്കാൻ കാരണം. നാലുവർഷം മുമ്പ് ഒരാനയുടെ ആക്രമണത്തിൽ വിഷ്ണുവിന് പരിക്കേറ്റിരുന്നു, അപ്പോഴും ആന പ്രേമത്തിന് കുറവുണ്ടായില്ല. രണ്ട് ദിവസം മുമ്പാണ് വിഷ്ണു വീട്ടിലെത്തി മടങ്ങിയത്. താത്കാലിക ജീവനക്കാരനായ വിഷ്ണു സ്ഥിരജോലിയിൽ പ്രവേശിച്ചാൽ മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സ്ഥിര ജോലിയെന്ന സ്വപ്‌നം ബാക്കിവെച്ചാണ് വിഷ്ണുവിന്റെ മടക്കം. മാതാപിതാക്കളും സഹോദരിയും അടങ്ങുന്നതാണ് വിഷ്ണുവിന്റെ കുടുംബം.

Content Highlights: Mahout Vishnu died in Elephant attack left without fulfilling his wish says friends

To advertise here,contact us