കാസർകോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ വഖഫ് ബോർഡ് അംഗമായി നിയമിച്ച സർക്കാർ തീരുമാനത്തിൽ പ്രതികരിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. നിയമനത്തിൽ സന്തോഷമുണ്ടെന്നും സമസ്തയ്ക്ക് അർഹതപ്പെട്ട സ്ഥാനമാണ് ലഭിച്ചതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ റിപ്പോർട്ടറിനോട് പറഞ്ഞു. അതേസമയം ഇതെല്ലാം സർക്കാർ ചെയ്യേണ്ടതാണെന്നും സ്ഥാനലബ്ധിയെ വലിയ കാര്യമായി സമസ്ത കാണുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
വഖഫ് ബോർഡ് അംഗ നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് സർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത്. പുറത്തിറക്കിയ നോമിനേഷൻ ലിസ്റ്റിൽ ഉമർ ഫൈസി മുക്കത്തിന്റേതടക്കം ഒൻപത് ആളുകളുടെ പേരാണുള്ളത്. കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകൾ കാരണം നീണ്ടുപോയ വഖഫ് ബോർഡിന്റെ പുനഃസംഘടനയാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമപ്രകാരമാണ് പുനഃസംഘടന നടത്തിയിരിക്കുന്നത്.
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട നടപടികൾ ഫെബ്രുവരി അഞ്ചിന് മുൻപ് പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുതിയ ബോർഡിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളതല്ലാത്ത രണ്ട് പേർ വേണമെന്ന് കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമുണ്ടായിരുന്നതിനാലാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിൽ താമസമുണ്ടായത്. 2024 ഡിസംബർ 14ന് വഖഫ് ബോർഡ് ഭരണസമിതിയുടെ കാലാവധി അവസാനിച്ചിരുന്നു. നാല് മാസത്തിനകം പുതിയ ബോർഡ് രൂപീകരിക്കുമെന്നായിരുന്നു 2024 നവംബറിൽ സർക്കാർ കോടതിയിൽ നൽകിയ ഉറപ്പ്. പഴയ ബോർഡ് അക്കാലം വരെ നിലനിൽക്കട്ടെയെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
Content Highlights: Samastha President Syed Jifri Muthukoya Thangal reacted to kerala government decision to appoint Samastha Mushavara member Umar Faizy Mukkam as a member of the Waqf Board