തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലെ അപകടത്തില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി നടന് മണിയന്‍പിളള രാജു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് നടന് ഹാജരായത്. ബൈക്ക് തന്റെ വാഹനത്തില്‍ വന്നിടിക്കുകയായിരുന്നുവെന്നും ഭയപ്പെട്ടതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നും മണിയന്‍പിളള രാജു പറഞ്ഞു. അപകടം നടന്നയുടന്‍ തന്നെ ആംബുലന്‍സ് എത്തിക്കാന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും വാഹനം സ്റ്റേഷനില്‍ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു നടന്റെ പ്രതികരണം.
'ഇടിച്ചിട്ട് അങ്ങനെ നിര്‍ത്താതെ പോയതല്ല. എന്റെ വണ്ടിയിലേക്ക് സ്പീഡില്‍ വന്ന് ഇടിക്കുകയായിരുന്നു. ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നിന്ന് പതിയെയല്ലേ പോകാന്‍ കഴിയുകയുളളു. സിസിടിവി ദൃശ്യങ്ങളില്‍ നിങ്ങള്‍ക്കത് കാണാം. ക്രോസ് ചെയ്യുന്നതിനിടെ എന്തോ ശബ്ദം കേട്ട് ഇവര്‍ താഴെ വീഴുന്നത് കണ്ടപ്പോള്‍ അപകടമാണെന്ന് മനസിലായി. ഉടന്‍ തന്നെ ഞാന്‍ സുഹൃത്തുക്കളെ വിളിച്ചു അപകടം നടന്നിട്ടുണ്ടെന്നും എനിക്ക് ഇറങ്ങാന്‍ വയ്യ, ആംബുലന്‍സ് എത്തിക്കണമെന്നും പറഞ്ഞു. സ്റ്റേഷനിലും വിളിച്ചും കാര്യം പറഞ്ഞു. രാവിലെ ഹാജരായിക്കോളാം എന്നും പറഞ്ഞു. വാഹനം ഓടിച്ചത് ഞാനായിരുന്നു. എനിക്ക് വയ്യായിരുന്നു, ക്യാന്‍സര്‍ പേഷ്യന്റാണ്. ഇപ്പോള്‍ ചിക്കന്‍ഗുനിയ വന്നിരിക്കുകയാണ്. വീട്ടില്‍ ഭാര്യ ഒറ്റയ്ക്കേയുളളു. അത് എന്റെ പേരിലുളള തെറ്റായിരിക്കും. വിളിച്ച് അറിയിച്ചിരുന്നു. വാഹനം സറണ്ടര്‍ ചെയ്യും': മണിയന് പിളള രാജു പറഞ്ഞു.
ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ട്രിവാർഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ വോള്‍വോ കാര്‍ ഇടിച്ചാണ് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് കാറിനുളളിലായി. ബൈക്കുമായി കാര്‍ അമിതവേഗത്തില്‍ നീങ്ങിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സൂരജിനെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായി. അപകടത്തില്‍പ്പെട്ട ബൈക്ക് ഫയര്‍ഫോഴ്സ് എത്തി റോഡരികിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlights: i was panic because of that i didnt stop the vehicle; maniyanpilla raju about tvm club accident