'വിശദീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് കണക്ക് അവതരിപ്പിക്കാത്തത്?'; കെ കെ രാഗേഷിന് മറുപടിയുമായി കുഞ്ഞികൃഷ്ണൻ

തനിക്കെതിരെ വ്യക്ത്യാധിക്ഷേപം ഉന്നയിക്കുകയാണ് ചെയ്യുന്നത് എന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു

കണ്ണൂർ: ഫണ്ട് തിരിമറി ആരോപണത്തിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന് മറുപടിയുമായി പുറത്താക്കപ്പെട്ട സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണൻ. പയ്യന്നൂർ എംഎൽഎ ടി എം മധുസൂദനനോട് തനിക്ക് പകയില്ല എന്നും നേതാക്കൾക്ക് എങ്ങിനെയാണ് കള്ളം പറയാൻ സാധിക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു. താൻ ക്രമക്കേട് ഉന്നയിച്ചത് ഏരിയാ കമ്മിറ്റിയിലാണ്. തനിക്കെതിരെ വ്യക്ത്യാധിക്ഷേപം ഉന്നയിക്കുകയാണ് ചെയ്യുന്നത് എന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

തന്റെ ആസ്തിവിവരം തെറ്റായി പ്രചരിപ്പിക്കുന്നുവെന്നും പാർട്ടിക്ക് കൊടുത്ത കണക്ക് എങ്ങനെ പുറത്തുവന്നുവെന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു.കുടുംബപരമായി ലഭിച്ചതെല്ലാം ചേർത്താണ് ആസ്തി കണക്കാക്കിയിരിക്കുന്നത്. ഇത് തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കുകയാണ്. പാർട്ടിക്ക് വിശ്വാസത്തോടെ കൊടുത്ത രേഖ എങ്ങിനെ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്നും ഇക്കാര്യം നേതൃത്വം വിശദീകരിക്കണമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

ധൻരാജ് ഫണ്ട് വാർത്താസമ്മേളനത്തിൽ അവതരിപ്പിക്കാത്ത കെ കെ രാഗേഷിന്റെ നടപടിയെയും കുഞ്ഞികൃഷ്ണൻ വിമർശിച്ചു.വിശദീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് കണക്ക് അവതരിപ്പിക്കാത്തത്. ബാക്കിയുള്ള ഫണ്ട് കാണിക്കാൻ കഴിയില്ല. അങ്ങനെ കണക്ക് അവതരിപ്പിച്ചാൽ മാത്രമേ ബാക്കി എത്രയുണ്ട് എന്ന് അറിയാൻ കഴിയു എന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു.

ജനങ്ങളിൽ നിന്നും പണം കൈപ്പറ്റിയില്ല എന്ന രാഗേഷിന്റെ വാദത്തെയും കുഞ്ഞികൃഷ്ണൻ തള്ളി. ധൻരാജ് ഫണ്ടിലേക്ക് എല്ലാവരിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. പുസ്തകം ഇറക്കുന്നതിന് മുമ്പ് കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടത് വ്യാജകണക്ക് തയ്യാറാക്കാതിരിക്കാനാണ്. പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധമാണ്. വ്യാജ രസീതും രണ്ട് ഒറിജിനൽ രസീതും അച്ചടിച്ചു. റസീറ്റ് തിരികെ വരാതിരിക്കുമ്പോൾ എങ്ങനെയാണ് പണം നഷ്ടപ്പെട്ടില്ല എന്ന് പറയാൻ കഴിയുക എന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു.മധുസൂദനനെതിരെ പാർട്ടി നടപടിയെടുത്തത് ധനാപഹരണത്തിനല്ല എന്നും കണക്ക് അവതരിപ്പിക്കാൻ വൈകിയതിലാണ് എന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

മധുസൂദനനോട് വ്യക്തിപരമായി വിധ്വേഷം ഇല്ല എന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. വിമർശനവും സ്വയം വിമർശനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീവവായുവാണ്. വിമർശനം ഇല്ലാതായാൽ പാർട്ടി മരിക്കും. വിമർശനമുന്നയിക്കുമ്പോൾ വിരോധമായി മാറുന്നു എന്നത് പരിശോധിക്കണമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങ് സിപിഐഎം വിരുദ്ധരുടെ ഒത്തുചേരലായിരുന്നുവെന്നും പരിപാടി സംഘടിപ്പിച്ചതിന്റെ ലക്ഷ്യം എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാവുമെന്നുമായിരുന്നു കെ കെ രാഗേഷ് പറഞ്ഞത്. ഇടതുപക്ഷ ലേബല്‍ അണിയുന്നവര്‍ ആണ് പരിപാടിക്ക് എത്തിയതെന്നും കെ കെ രാഗേഷ് പറഞ്ഞിരുന്നു.

ടി ഐ മധുസൂദനനെ വ്യക്തിപരമായി ലക്ഷ്യംവെച്ചുള്ളതാണ് വി കുഞ്ഞികൃഷ്ണന്റേതായി കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത പുസ്തകമെന്നും കെ കെ രാഗേഷ് വിമർശിച്ചു. മധുസൂദനനോടുള്ള പകമൂത്ത് അന്ധത ബാധിച്ച വിധത്തിലാണ് പുസ്തകമെന്നും കെ കെ രാഗേഷ് പറഞ്ഞിരുന്നു.

ഫണ്ട് സംബന്ധിച്ചുള്ള കണക്ക് മാധ്യമങ്ങളോട് പറയില്ല എന്നാണ് താന്‍ കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജനങ്ങളോട് പറയില്ല എന്നല്ല. ധന്‍രാജ് രക്തസാക്ഷി ഫണ്ട് പാര്‍ട്ടി അംഗങ്ങളില്‍ നിന്നും സഹകരണ ജീവനക്കാരില്‍ നിന്നുമാണ് പിരിച്ചത്. ബഹുജനങ്ങളില്‍ നിന്ന് പിരിച്ചിട്ടില്ല. വരവുചെലവ് കണക്ക് ഏരിയാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. ജില്ലാ സെക്രട്ടറി വിചാരിച്ചാല്‍ കണക്ക് മാറ്റി എഴുതാന്‍ കഴിയുമോ? പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരോട് കണക്ക് അവതരിപ്പിക്കും. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജനങ്ങളെ പാര്‍ട്ടിക്ക് അറിയാം. സമയബന്ധിതമായി കണക്ക് അവതരിപ്പിക്കപ്പെട്ടിരുന്നില്ല. അതിനാണ് നടപടിയെടുത്തത്. അത് കുഞ്ഞികൃഷ്ണന് തൃപ്തിയായിരുന്നില്ല. മധുസൂദനനെ ശരിപ്പെടുത്തണം എന്നാണ് ആവശ്യം. 'പകയുടെ കണക്ക് പുസ്തകം' എന്നാണ് പുസ്തകത്തിന് പേരിടേണ്ടിയിരുന്നതെന്നും കെ കെ രാഗേഷ് കടന്നാക്രമിച്ചിരുന്നു

Content Highlights: Expelled former CPM Kannur district committee member V. Kunjikrishnan responded to fund fraud allegations and against CPM Kannur district secretary K. K. Ragesh. Kunjikrishnan stated he holds no grudge against Payyannur MLA T. M. Madhusoodanan and questioned how party leaders could make false claims.

To advertise here,contact us