'ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുത്, പുരസ്‌കാരം സ്വീകരിക്കുന്നതില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം'

'ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്'

കൊച്ചി: പത്മപുരസ്‌കാരം സ്വകരിക്കുന്നത് പാര്‍ട്ടി നിര്‍ദേശപ്രകാരം തീരുമാനിക്കുമെന്ന് അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ കുടുംബം. വി എസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് കുടുംബം വിശ്വസിക്കുന്നുവെന്നും സ്വീകരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി നിലപാടുകള്‍ക്കൊപ്പമായിരിക്കുമെന്നും വി എസിന്റെ മകന്‍ അരുണ്‍കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാര്‍ട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനം എന്നാണ് അരുണ്‍കുമാര്‍ വ്യക്തമാക്കിയത്. പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തിന്റെ പകര്‍പ്പ് പങ്കുവെച്ചാണ് അരുണ്‍ കുമാര്‍ നിലപാട് ആവര്‍ത്തിച്ചത്.

വി എസിന് പത്മവിഭൂഷണ്‍ ലഭിച്ചതില്‍ സന്തോഷമെന്നും പുരസ്‌കാരം സ്വീകരിക്കുന്നത് വി എസിന്റെ കുടുംബത്തിന് തീരുമാനിക്കാമെന്നുമായിരുന്നു പാര്‍ട്ടി നിലപാട്. മുന്‍പ് പത്മ പുരസ്‌കാരങ്ങള്‍ സിപിഐഎം നേതാക്കള്‍ സ്വീകരിച്ചിരുന്നില്ല. 1992 ല്‍ ഇഎംഎസ് നമ്പൂതിരിപ്പാട് പത്മവിഭൂഷണ്‍ നിരസിച്ചിരുന്നു. 2002 ല്‍ ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷണ്‍ പുരസ്‌കാരവും 2008ല്‍ ജ്യോതി ബസു ഭാരതരത്‌നയും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന് പത്മഭൂഷണ്‍ നല്‍കാന്‍ ധാരണയായപ്പോള്‍ തിരസ്‌കരിക്കുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു.

Content Highlights: v s achuthanandan family about padma award

To advertise here,contact us