കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കട്ടിളപ്പാളി കേസിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് ജാമ്യം. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കൊല്ലം വിജിലൻസ് കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദ്വാരപാല കേസില്‍ പോറ്റിക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഉണ്ണികൃഷ്ണന് പോറ്റി ഇന്ന് ജയില്‍ മോചിതനാകും. ഉണ്ണികൃഷ്ണന് പോറ്റി ഉള്‍പ്പെടെ കേസില്‍ ഇതുവരെ നാല് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. നാല് പ്രതികള്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു.
ദ്വാരപാലക കേസില്‍ ഇക്കഴിഞ്ഞ ജനുവരി 21നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയായിരുന്നു കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു ഉണ്ണികൃഷ്ണന് പോറ്റിയുടെ വാദം. ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ച് ഒരു മാസം പിന്നിടും മുൻപാണ് രണ്ടാമത്തെ കേസിലും പോറ്റിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.
അതേസമയം ഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ കൂടുതല്‍ കേസുകളെടുക്കാനുള്ള എസ്ഐടിയുടെ നീക്കം പാളി. സാമ്പത്തിക തട്ടിപ്പില്‍ കേസുകളെടുക്കാനുള്ള നീക്കം എസ്ഐടി ഉപേക്ഷിച്ചു. പരാതിക്കാര്‍ വീണ്ടും വരാന്‍ തയ്യാറാകാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. നിലവിലുള്ള റിയല്‍ എസ്റ്റേറ്റ്, ചെക്ക് കേസുകള്‍ ഒത്തുതീര്‍പ്പായി. കോടതിയില്‍ തിരിച്ചടിയാകുമെന്നും എസ്ഐടി വിലയിരുത്തുന്നു. പുതിയ പരാതിക്കാരെ കണ്ടെത്താനാവാത്തതും തിരിച്ചടിയാണ്. ഇതോടെ പുറത്തിറങ്ങുന്ന പോറ്റിയെ അറസ്റ്റ് ചെയ്യാനാവില്ല.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യ ആള്. ദ്വാരപാലക കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിന് ജാമ്യം ലഭിക്കുകയായിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകരണം, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളായിരുന്നു കോടതി മുന്നോട്ടുവെച്ചത്.
മുരാരി ബാബുവിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീ ഓഫീസര്‍ എസ് ശ്രീകുമാറിനും ജാമ്യം ലഭിച്ചു. ജനുവരി 29നായിരുന്നു ശ്രീകുമാറിന് ജാമ്യം ലഭിച്ചത്. അറസ്റ്റിലായി 43-ാം ദിവസമായിരുന്നു ശ്രീകുമാറിന് ജാമ്യം ലഭിച്ചത്. ശ്രീകുമാറിന് ജാമ്യം അനുവദിക്കുമ്പോഴും കോടതി കര്‍ശന ഉപാധികള്‍ മുന്നോട്ടുവെച്ചിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് അവസാനം മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറായിരുന്നു. ആദ്യം ദ്വാരപാലക കേസിലും പിന്നാലെ ഫെബ്രുവരി രണ്ടിന് കട്ടിളപ്പാളി കേസിലും സുധീഷ് കുമാറിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Content Highlights- Unnikrishnan Potti, the main accused in the Kattillappali case linked to the Sabarimala gold theft, has been granted bail