കൊച്ചി: കേരളത്തിലെ എയിംസ് സംബന്ധിച്ച് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം. സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്താനാണ് കേന്ദ്രത്തോട് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച് ഫെബ്രുവരി 25നകം രേഖാമൂലം അറിയിക്കണം. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ഏകോപിപ്പിച്ചുകൊണ്ടാവണം പഠനം നടത്തേണ്ടതെന്നും എയിംസിനായി നിര്‍ദേശിച്ച സ്ഥലം മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സത്യമാങ് മൂലം നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
കാസര്‍കോട് ജില്ലയില്‍ എയിംസ് വേണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സംസ്ഥാന, കേന്ദ്രസര്‍ക്കാരുടെ നിലപാട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞത്. കേന്ദ്രത്തിന് മുന്നില്‍ ഇത്തരമൊരു ശുപാര്‍ശ നേരത്തെ തന്നെ നല്‍കിയിരുന്നുവെന്ന് തുടര്‍ന്ന് സംസ്ഥാനം അറിയിക്കുകയായിരുന്നു. പിന്നാലെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി നിര്‍ദേശിച്ചു.
കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചിരുന്നു. 25,000 ഏക്കര്‍ റവന്യൂ ഭൂമിയുള്ള കാസര്‍കോട് എയിംസ് സ്ഥാപിക്കുകയെന്നത് ചികിത്സാസൗകര്യം കുറഞ്ഞ നാടിന്റെ ആവശ്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Content Highlights: High Court directs Centre to conduct feasibility study on AIMS in Kerala