കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഭാര്യയും മക്കളും ബ്രിട്ടീഷ് പൗരന്മാരെന്ന് വ്യാജ പ്രചരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കവര്ച്ചിത്രമുള്ള കൃഷ്ണ അഞ്ചല്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് വ്യാജവിവരം പ്രചരിപ്പിച്ചത്. ബിനോയ് വിശ്വത്തിന്റെ ഭാര്യയും മക്കളും കേരളത്തില്‍ താമസിച്ചുവരികയാണെന്നിരിക്കെയാണ് പ്രചാരണം അഴിച്ചുവിട്ടത്.
മലപ്പുറം സ്വദേശിയും എഴുത്തുകാരിയുമായ ഷൈല സി ജോര്‍ജ് ആണ് ബിനോയ് വിശ്വത്തിന്റെ ഭാര്യ. 35 വര്‍ഷം ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്ത് വിരമിച്ച ശേഷം സര്‍ഗ്ഗാത്മക രചനയിലേക്ക് തിരിഞ്ഞ ഷൈല നിലവില്‍ വട്ടിയൂര്‍ക്കാവിലാണ് താമസം. റെയിന്‍ ഇന്‍ ദ ആറ്റിക് എന്ന ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം.
ബിനോയ് വിശ്വത്തിന്റെ രണ്ട് മക്കളും കേരളത്തില്‍ താമസിച്ചുവരികയാണ്. വട്ടിയൂര്‍ക്കാവില്‍ താമസിച്ച് പാരിസ് യൂണിവേഴ്സിറ്റിയില്‍ ചെയ്യുന്ന പിഎച്ച്ഡിക്കായി കേരളത്തില്‍ ഡാറ്റാകളക്ഷന്‍ നടത്തിവരികയാണ് ബിനോയ് വിശ്വത്തിന്റെ ഒരു മകള്‍. കൊച്ചിയില്‍ ഹൈക്കോടതിയില്‍ ഗവ. പ്ലീഡറായി ജോലി ചെയ്യുകയാണ് മറ്റൊരു മകള്‍. ഇങ്ങനെയിരിക്കെയാണ് വസ്തുതാ വിരുദ്ധമായ പ്രചരണം നടക്കുന്നത്.
കൃഷ്ണ അഞ്ചലിന്റെ വ്യാജ പ്രചാരണം പൊളിച്ച് ദിനേശ് രഘുനാഥ് എഴുതിയ കുറിപ്പ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. 'ബിനോയ് വിശ്വത്തിന്റെ കുടുംബം യുകെയിലാണെന്ന് കണ്ടെത്തിയ 'ബ്രിട്ടീഷ് ചാരന്' ഒരു ബിഗ് സല്യൂട്ട്! വട്ടിയൂര്‍ക്കാവിലെ സ്വന്തം ഫ്ലാറ്റില്‍ താമസിച്ചുകൊണ്ട് പാരീസ് യൂണിവേഴ്സിറ്റിയില്‍ ചെയ്യുന്ന Ph.D.ക്ക് വേണ്ടി കേരളത്തില്‍ ഡാറ്റാ കളക്ഷന്‍ നടത്തുന്ന മകളെയും, കൊച്ചിയില്‍ കുടുംബത്തോടൊപ്പം താമസിച്ച് ഹൈക്കോടതിയില്‍ ഗവണ്മെന്റ് പ്ലീഡറായി ജോലി നോക്കുന്ന മകളെയും വണ്ടി കയറ്റി യുകെയില്‍ (UK) എത്തിച്ച ആ മനോരോഗിക്ക് എന്റെ വക ഒരു കുതിരപ്പവന്‍! അതിലും വലിയ തമാശ മറ്റൊന്നാണ്-ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് റിട്ടയര്‍ ആയി, വട്ടിയൂര്‍ക്കാവിലെ ഫ്ലാറ്റിലിരുന്ന് എഴുത്തും വായനയുമായി വിശ്രമജീവിതം നയിക്കുന്ന സഖാവിന്റെ ഭാര്യയും ഇപ്പോള്‍ 'യുകെ സിറ്റിസണ്‍' ആണത്രേ! പാവം ബിനോയ് വിശ്വം, കഴിഞ്ഞ ദിവസം കൂടി എം.എന്‍ സ്മാരകത്തിലെ പുല്‍ത്തകിടിയില്‍ തറയിലിരുന്ന് പരിപാടി കണ്ട തന്റെ കുടുംബം ബ്രിട്ടീഷ് പൗരന്മാരാണെന്ന് അദ്ദേഹം പോലും ഈ നുണപ്രചാരണം കണ്ടപ്പോഴാണ് അറിഞ്ഞത്.പ്രിയ സംഘി സുഹൃത്തേ, കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുക:• പാരീസ് ഫ്രാന്‍സിലാണ്, ലണ്ടനിലല്ല! (അതുകൊണ്ട് റിസര്‍ച്ച് ചെയ്യുന്ന മകള്‍ ഫ്രാന്‍സിലാണ്).• വട്ടിയൂര്‍ക്കാവിലെ എഴുത്തുമുറി ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലുമല്ല.• ഹൈക്കോടതി കൊച്ചിയിലാണ്, വെസ്റ്റ്മിന്സ്റ്ററിലല്ല! വിവരക്കേടിന് ലൈസന്‍സ് ഇല്ലാത്തത് കൊണ്ട് ആര്‍ക്കും എന്തും തള്ളാമെന്നായിട്ടുണ്ട്. പച്ചക്കള്ളം എഴുന്നള്ളിക്കുമ്പോള്‍ നാട്ടുകാര്‍ക്ക് ചിരിക്കാനുള്ള വക കൂടി തരുന്നതിന് നന്ദി. വട്ടിയൂര്‍ക്കാവില്‍ നിന്ന് യുകെയിലേക്ക് ഒരു ലോക്കല്‍ ബസ് കിട്ടുമോ എന്ന് കൂടി ഒന്ന് നോക്കിക്കോണേ!' എന്നാണ് ദിനേശ് രഘുനാഥിന്റെ കുറിപ്പ്.
Content Highlights: False propaganda claiming that Binoy Vishwam's wife and children are British citizens