പോറ്റിക്ക് മാത്രമാണ് ജാമ്യം കിട്ടാനുണ്ടായിരുന്നത്, അതും പൂർത്തിയായി; എസ്‌ഐടി അന്വേഷണം ശരിയല്ല: കെ മുരളീധരൻ

എസ്ഐടി പൂർണമായും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണെന്നും കെ മുരളീധരന്‍ ആരോപിച്ചു

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസ് മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം കിട്ടിയതിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിപക്ഷം മൂന്ന് ദിവസം നിയമസഭ സ്തംഭിപ്പിച്ചത് ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും കേസിൽ മുഖ്യപ്രതികളിൽ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മാത്രമാണ് ജാമ്യം കിട്ടാൻ ബാക്കിയിണ്ടായിരുന്നതെന്നും അതും ഇപ്പോൾ പൂർത്തിയായെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

എസ്ഐടിയുടെ അന്വേഷണം തൃപ്തികരമല്ലെന്ന് യുഡിഎഫ് നേരത്തെ പറഞ്ഞത് ശരിയായി. ഹൈക്കോടതി എന്ത് തന്നെ പറഞ്ഞാലും എസ്ഐടിയുടെ അന്വേഷണം ശരിയായ ദിശയിലല്ല നടന്നത്. യുഡിഎഫ് നിയമസഭയിൽ എടുത്ത സ്റ്റാൻഡ് ശരിയാണെന്ന് തെളിയിക്കുന്നാതാണ് ഈ വിധിയെന്നും അദേഹം പ്രതികരിച്ചു. സ്വാഭാവിക ജാമ്യാമാണെന്ന് കോടതി പറഞ്ഞാലും പ്രതികൾ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കും. എസ്ഐടി പൂർണമായും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണെന്നും മുരളീധരന്‍ ആരോപിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കട്ടിളപ്പാളി കേസിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കൊല്ലം വിജിലൻസ് കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദ്വാരപാല കേസില്‍ പോറ്റിക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് ജയില്‍ മോചിതനാകും. ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ കേസില്‍ ഇതുവരെ നാല് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. നാല് പ്രതികള്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു.

ദ്വാരപാലക കേസില്‍ ഇക്കഴിഞ്ഞ ജനുവരി 21നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയായിരുന്നു കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം. ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ച് ഒരു മാസം പിന്നിടും മുൻപാണ് രണ്ടാമത്തെ കേസിലും പോറ്റിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

Content Highlights: Congress leader K Muraleedharan criticizes the acquittal of Unnikrishnan Potti, the main accused in the Sabarimala gold robbery case.

To advertise here,contact us