'ക്രൈസ്തവ തീവ്രവാദ ഗ്രൂപ്പ് ഏതെന്ന് തുറന്നുപറയണം'; മാര്‍ ആന്‍ഡ്രൂസ് താഴത്തിനെതിരെ പരോക്ഷവിമര്‍ശനവുമായി കാസ

ക്രൈസ്തവരില്‍ വര്‍ഗീയത സൃഷ്ടിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നുമായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പരാമര്‍ശം.

കൊച്ചി: ക്രൈസ്തവര്‍ക്കിടയിലും തീവ്രവാദ ഗ്രൂപ്പുകള്‍ ഉണ്ടെന്ന തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി കാസ. ക്രൈസ്തവ തീവ്രവാദ ഗ്രൂപ്പ് ഏതെന്ന് തുറന്നുപറയണമെന്ന് കാസ ആവശ്യപ്പെട്ടു. ക്രൈസ്തവരില്‍ വര്‍ഗീയത സൃഷ്ടിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നുമായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പരാമര്‍ശം.

ക്രൈസ്തവരില്‍ വര്‍ഗീയത വളര്‍ത്തുന്നതില്‍ ചില രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുന്നുണ്ട്. ഇങ്ങനെ വര്‍ഗീയത വളര്‍ത്തുന്നതില്‍ ചില സംഘടനകള്‍ക്കും പങ്കുണ്ട്. അങ്ങനെയുള്ള സംഘടനകള്‍ക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുമുണ്ട്. പിന്നാലെ ഓരോ വര്‍ഷവും കേരളത്തില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ സജീവമാകുകയാണ് എന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞിരുന്നു.

ജമാഅത്തെ ഇസ്ലാമി ഒരു ഭാഗത്ത്, ആര്‍എസ്എസ് മറുഭാഗത്ത്. ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും ആളുകള്‍ കുറയുന്നതിന്റെ ഫലം സഭ നേരിടുകയാണ്. വീടുകളില്‍ കുട്ടികള്‍ കുറയുകയാണ്, ഒരുപാട് പേരുടെ വിവാഹം നടക്കാതെ വരികയാണ്. പന്ത്രണ്ടാം ക്ലാസിലെത്തിയാല്‍ എങ്ങനെയെങ്കിലും വിദേശത്തേക്ക് കടന്നാല്‍ മതിയെന്നാണ് കുട്ടികളുടെ മനസ്സില്‍ ഉള്ളത്. ഇതിന് രാഷ്ട്രീയ സ്ഥിതിയും കാരണമാണ് എന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞിരുന്നു.

സഭയുടെ കാര്യങ്ങളില്‍ ചില സംഘടനകള്‍ ഇടപെടുന്നുവെന്നും ഒരുമിച്ചുനില്‍ക്കുന്ന സഭാവിഭാഗത്തെ ഭിന്നിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പരാമര്‍ശിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച്, അവരുടെ പദ്ധതികളില്‍ ഒന്ന് സിറോ മലബാര്‍ സഭയില്‍ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നു എന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞിരുന്നു.

Content Highlights: CASA against mar andrews thazhath

To advertise here,contact us