മാവേലിക്കരയിൽ മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ സാഹസിക യാത്ര; നടപടിയില്ലെന്ന് വിമർശനം

ഔദ്യോഗിക വാഹനത്തില്‍ ഛര്‍ദിച്ച് അവശനായ നിലയിലായിരുന്നു ഉദ്യോഗസ്ഥനുണ്ടായിരുന്നത്

ആലപ്പുഴ: മാവേലിക്കരയില്‍ മദ്യലഹരിയില്‍ ഔദ്യോഗിക വാഹനമോടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. മാന്നാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സ്വരാജാണ് മദ്യലഹരിയില്‍ വാഹനമോടിച്ചത്. കായംകുളം- ചെട്ടികുളങ്ങര റോഡിലാണ് ഉദ്യോഗസ്ഥന്‍റെ അപകടകരമായ യാത്ര. മദ്യപിച്ച് അവശനിലയിലായതോടെ വാഹനം റോഡരികില്‍ നിര്‍ത്തുകയായിരുന്നു. ഔദ്യോഗിക വാഹനത്തില്‍ ഛര്‍ദിച്ച് അവശനായ നിലയിലായിരുന്നു ഉദ്യോഗസ്ഥനുണ്ടായിരുന്നത്.

മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനം നിയന്ത്രണമില്ലാതെ റോഡിന്റെ ഇരു വശങ്ങളിലേക്കും പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. പൊലീസ് വാഹനത്തിന്റെ പിറകെ പോയ ബൈക്ക് യാത്രികരാണ് പൊലീസ് ജീപ്പിന്റെ ഈ സാഹസിക യാത്ര ചിത്രീകരിച്ചത്. ദീര്‍ഘദൂരം സാഹസിക യാത്ര തുടര്‍ന്നതിന് ശേഷം വാഹനം മാവേലിക്കര വിഎസ്എം ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടു. ഇതിന് പിന്നാലെ ബൈക്ക് യാത്രികര്‍ ഇറങ്ങി നോക്കിയപ്പോഴാണ് മദ്യലഹരിയില്‍ ഛര്‍ദിച്ച് അവശനായ പൊലീസ് ഉദ്യോഗസ്ഥനെ വാഹനത്തിനുള്ളില്‍ കണ്ടത്.

സംഭവത്തിന് പിന്നാലെ ബൈക്ക് യാത്രികര്‍ പൊലീസിനെ വിവരമറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്‍പ്പെടെ പൊലീസുകാരെത്തി പരിശോധന നടത്തി. എന്നാല്‍ സ്വരാജിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മുഖം കഴുകിയ ശേഷം ഇതേ വാഹനമോടിച്ച് സ്‌റ്റേഷനിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. എസ്എച്ച്ഒയെ കായംകുളത്തെ വീട്ടില്‍ എത്തിച്ച ശേഷം തിരികെ വരുമ്പോളായിരുന്നു സ്വരാജ് പൊലീസ് വാഹനത്തിൽ അപകടകരമായ യാത്ര നടത്തിയത്.

Content Highlight; A police officer was caught driving an official vehicle under the influence of alcohol in Mavelikkara. The driver, Swaraj, of the Mannar police station, was driving under the influence of alcohol. The officer's dangerous journey was on the Kayamkulam-Chettikulangara road.

To advertise here,contact us