തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ സഭ ഇന്നും പ്രക്ഷുബ്ധം. സ്വര്‍ണക്കൊളള കേസില്‍ സോണിയാ ഗാന്ധിയുടെ പേര് വലിച്ചിഴയ്ക്കുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷവും, കോൺഗ്രസാണ് സോണിയയെ അധിക്ഷേപിക്കുന്നത് എന്ന് പറഞ്ഞ് ഭരണപക്ഷവും സഭയിൽ കൊമ്പ് കോർത്തു.
ശബരിമല സ്വർണക്കൊള്ളയിൽ സോണിയാ ഗാന്ധിയെ ലക്ഷ്യംവെയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. സോണിയാ ഗാന്ധിയെ അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണെന്നും സോണിയയെ തെരുവിലിട്ട് ചെണ്ട കൊണ്ടുന്നതുപോലെ കൊട്ടാനുളള അവസരം കൊടുക്കുന്നത് പ്രതിപക്ഷമാണെന്നും മന്ത്രി പി രാജീവ് ആരോപിച്ചു. പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷവും ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷവും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. ഉണ്ണികൃഷ്ണന് പോറ്റി സോണിയാ ഗാന്ധിക്കും അടൂര്‍ പ്രകാശിനുമൊപ്പം നില്ക്കുന്ന ചിത്രങ്ങളാണ് ഭരണപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. പോറ്റി മുഖ്യമന്ത്രിക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പ്രതിപക്ഷവും ഉയര്‍ത്തി. പ്ലക്കാര്‍ഡുകളുമായി സ്പീക്കറുടെ ഡയസിന് മുന്നിലെത്തിയ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തേക്ക് പോയി.
മുഖ്യമന്ത്രി വാച്ച് ആന്‍ഡ് വാര്‍ഡിനെ വടികൊണ്ട് അടിച്ചുവെന്ന തെറ്റായ പ്രസ്താവന പിന്‍വലിക്കണമെന്നും സഭയില്‍ കോപ്രായം കാണിച്ചത്് ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും വി ഡി സതീശന് പറഞ്ഞു. നിയമസഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ഇതാദ്യമായല്ലെന്നുംപ്രതിഷേധിച്ച് മൈക്ക് കിട്ടുമ്പോള്‍ മന്ത്രിമാര്‍ സോണിയാ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ആക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും അംഗീകരിക്കാനാവില്ലെന്നും നിസഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വാച്ച് ആന്‍ഡ് വാര്‍ഡിനെ കമ്പ് കൊണ്ട് അടിച്ചയാളുടെ പേര് താന്‍ പറയാമെന്നായിരുന്നു പ്രതിപക്ഷ നേതാവിന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ നല്കിയ മറുപടി. പേരുപറഞ്ഞാല്‍ ആ അംഗത്തിന് കൂടി മോശമാകും എന്നതുകൊണ്ടാണ് പറയാത്തതെന്നും ബാനറ് കെട്ടിയ കമ്പുകൊണ്ടാണ് തല്ലിയതെന്നും അദ്ദേഹം പറഞ്ഞു. ബഹുമാന്യനായ പ്രതിപക്ഷ നേതാവിനെ ആരാണ് അന്ധനാക്കിയത് എന്നാണ് തനിക്ക് മനസിലാവാത്തത് എന്നാണ് എം ബി രാജേഷ് പറഞ്ഞത്. 'പ്രതിപക്ഷ നേതാവിനെ ആരാണ് അന്ധനാക്കിയത്? ഗാന്ധാരിയെപ്പോലെ അദ്ദേഹം സ്വയം കണ്ണുകെട്ടി. ഇന്നലെ ഇവിടെ നടന്നത് മുഴുവന്‍ ന്യായീകരിക്കുകയാണ് അദ്ദേഹം. എങ്ങനെയാണ് അദ്ദേഹത്തിന് സ്വയം ന്യായീകരിച്ച് പരിഹാസ്യനാകാന്‍ കഴിയുന്നത്. അവിടെ ചാടിക്കയറിയ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നല്ലോ. ആ ചാടിക്കയറിയ അംഗം ഹൈ ജമ്പിന് പോയിരുന്നെങ്കില്‍ നാടിന് വല്ല ഗുണവും ഉണ്ടാകുമായിരുന്നു. രണ്ട് അംഗങ്ങളാണ് ചാടിക്കയറിയത്. അതിലൊരാള്‍ നിയമഞ്ജനാണ്. നിയമപരമായ ചാട്ടമായിരുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. സോണിയാ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും എന്ത് ആക്ഷേപമാണ് നടത്തിയത്? വി ബി ജി റാംജി ബില്‍ പാസാക്കിയ ശേഷം പ്രധാനമന്ത്രിയുടെ കൂടെ പ്രിയങ്കാ ഗാന്ധി ചായ കുടിച്ചതാണോ ആക്ഷേപം അത് പറഞ്ഞതാണോ ആക്ഷേപം? ഉളള കാര്യമേ പറഞ്ഞുളളു. ഞാനടക്കമുളള മന്ത്രിമാര്‍ ഇന്നലെ പറഞ്ഞതില്‍ ഏതെങ്കിലുമൊരു വാക്ക് ഉചിതമല്ലാത്തത് ഉണ്ടായിട്ടുണ്ടോ?': എം ബി രാജേഷ് പറഞ്ഞു.
സോണിയാ ഗാന്ധിയെ അധിക്ഷേപിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നും ബഹുമാന്യയായ സോണിയാ ഗാന്ധിയെ തെരുവിലിട്ട് ചെണ്ട കൊട്ടുംപോലെ കെട്ടാനുളള അവസരം കൊടുക്കുന്നത് പ്രതിപക്ഷ നേതാവും പ്രതിപക്ഷവുമാണെന്നും പി രാജീവ് പറഞ്ഞു. 'സ്വര്‍ണം കട്ടയാളും സ്വര്‍ണം വാങ്ങിയ ആളും മൂന്നാമത്തെയാളും ഒന്നിച്ച് രണ്ടുതവണ സോണിയാ ഗാന്ധിക്കൊപ്പം നില്ക്കുന്നു. ആര് സോണിയാ ഗാന്ധിയുടെ അടുത്തേക്ക് അവരെ കൊണ്ടുപോയി എന്ന് പറഞ്ഞാല്‍ സോണിയാ ഗാന്ധിക്ക് പത്തരമാറ്റം തിളക്കമുണ്ടാകും. സോണിയാ ഗാന്ധിയെപ്പോലെ ഇത്രയധികം സെക്യൂരിറ്റി ഉളള ഒരാളുടെ കയ്യില്‍ സ്വര്‍ണത്തിന്റെ ഏലസ് സ്വര്‍ണം മോഷ്ടിച്ച ആള്‍ക്ക് സ്വര്‍ണം വാങ്ങിയ ആളുടെ സാന്നിധ്യത്തില്‍ കെട്ടാന്‍ അവസരമൊരുക്കിയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയാല്‍ സോണിയാ ഗാന്ധിക്ക് പത്തരമാറ്റിന്റെ തിളക്കമുണ്ടാകും' പി രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണ് എന്നാണ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. കനഗോലുവിന്റെ അഭിപ്രായമാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും മൂന്നാമതും പിണറായി സര്‍ക്കാര്‍ വരുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Sabarimala gold theft; Satheesan says Sonia is being targeted in sabarimala gold theft