തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുരാരി ബാബുവിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. മുരാരി ബാബുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. 2019- 2015 കാലയളവില്‍ മുരാരി ബാബുവിന്റെ സ്വത്തുക്കളില്‍ വന്‍ വര്‍ധനവുണ്ടായെന്ന് ഇ ഡി കണ്ടെത്തി. 2021-ല്‍ വീട് നിര്‍മ്മിച്ചതില്‍ അടക്കം അന്വേഷണമുണ്ടാകും. ശബരിമലയിലേയും മറ്റ് ക്രമക്കേടുകളില്‍ നിന്നും മുരാരി ബാബു പണം സമ്പാദിച്ചു എന്ന നിഗമനത്തിലാണ് ഇ ഡി.
മുരാരി ബാബുവിന് സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ മറുപടി ഇല്ലെന്നും ഇ ഡി വ്യക്തമാക്കി. ഇന്നലെ ഏഴ് മണിക്കൂറോളമാണ് മുരാരി ബാബുവിനെ ഇ ഡി ചോദ്യംചെയ്തത്. ഉണ്ണികൃഷ്ണന് പോറ്റിയുമായി മുരാരി ബാബുവിന് സാമ്പത്തിക ഇടപാടുകള്‍ ഉളളതായും ഇ ഡിയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, സ്വര്‍ണക്കൊളള കേസില്‍ അറസ്റ്റുകള്‍ അവസാനിപ്പിച്ച് കുറ്റപത്രം തയ്യാറാക്കുന്നതിലേക്ക് കടക്കാനൊരുങ്ങുകയാണ് എസ്ഐടി. മാര്‍ച്ച് ആദ്യം ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കും. എസ്ഐടി സാക്ഷിപ്പട്ടിക തയ്യാറാക്കി. പാളികള്‍ ഏറ്റുവാങ്ങിയ അനന്തസുബ്രമണ്യവും രമേശ് റാവുവും സ്വര്‍ണ്ണം ബെല്ലാരിയില്‍ എത്തിച്ച കല്‍പ്പേഷും കേസിലെ സാക്ഷികളാണ്. എഫ്ഐആറില്‍ പ്രതികളായ മറ്റ് മുന്‍ ഉദ്യോഗസ്ഥരും സാക്ഷികളാകും. ഇടക്കാല കുറ്റപത്രത്തിന്റെ കരട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അയക്കും. നിയമോപദേശത്തിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.
സ്വര്‍ണക്കൊള്ള കേസിൽ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് അയച്ചിരുന്നു. ഈ ആഴ്ച്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി നിർദേശം നൽകിയിരിക്കുന്നത്. സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇ ഡി നടപടി. ഇക്കഴിഞ്ഞ ജനുവരി 29നായിരുന്നു ശ്രീകുമാറിന് ജാമ്യം ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. ദ്വാരപാലക കേസില്‍ മാത്രമാണ് ശ്രീകുമാര്‍ പ്രതി. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 43-ാം ദിവസമാണ് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതോടെ ശ്രീകുമാര്‍ ജയില്‍ മോചിതനായിയുന്നു.
Content Highlights: Sabarimala gold theft case; ED to question Murari Babu again