'സ്വകാര്യബസുകൾ ഓടുന്ന റൂട്ടിൽ KSRTC ബസുകൾ ഒഴിവാക്കാനാകില്ല';സഭയിൽ ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി

പ്രൈവറ്റ് ബസുകൾ ഓടുന്ന റൂട്ടിൽ നിന്നെല്ലാം കെഎസ്ആർടിസി ബസുകൾ പിൻവലിക്കുക എന്ന നയം സർക്കാരിന് സ്വീകരിക്കാൻ പറ്റുന്നതല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ റൂട്ട് സംബന്ധിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സർക്കാർ നയമല്ലെന്നുംഅനാരോഗ്യകരമായ മത്സരം വേണ്ടെന്നും കെഎസ്ആർടിസി ബസുകൾ ഒഴിവാക്കുന്നത് വിഷമമുണ്ടാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അഭിപ്രായപ്പെട്ടു.

'പ്രൈവറ്റ് ബസുകൾ ഓടുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് ഓടാതിരിക്കുന്നത് ഒരു നയമായി പറയുന്നതുപോലെ തോന്നി. അങ്ങനെ വന്നാൽ അത് വലിയ പ്രയാസങ്ങളുണ്ടാക്കും. അനാരോഗ്യകരമായ മത്സരം വേണ്ടതില്ല എന്നത് നല്ല കാര്യമാണ്. സാധാരണഗതിയിൽ ഇന്ന് കേരളത്തിൽ ധാരാളം പ്രൈവറ്റ് ബസുകൾ ഓടുന്ന റൂട്ടിലും കെഎസ്ആർടിസി ബസുകൾ ഓടുന്നുണ്ട്. അവിടെനിന്നെല്ലാം കെഎസ്ആർടിസി ബസുകൾ പിൻവലിക്കുക എന്ന നയം നമ്മുടെ സർക്കാരിന് സ്വീകരിക്കാൻ പറ്റുന്നതല്ല. അത് ആ തരത്തിലേക്ക് പോയാൽ വിഷമമാകും എന്നതിനാലാണ് ഈ സമയത്ത് വ്യക്തമാക്കുന്നത്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രൈവറ്റ് ബസുകളോട് മത്സരിക്കാൻ ഇല്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം. മത്സര ഓട്ടത്തിന് ഇല്ല. സ്വകാര്യ ബസ് സർവീസ് ഒരു ബിസിനസ് ആണ്. അവരെ ബുദ്ധിമുട്ടിക്കാൻ ഇല്ല. ഒരു ബസും ഇല്ലാത്ത റൂട്ടിലേക്ക് ആ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസുകൾ മാറ്റി. അത് വരുമാനം വർദ്ധിപ്പിച്ചു എന്നും മന്ത്രി പറഞ്ഞിരുന്നു. 'പ്രൈവറ്റ് ബസിന്റെ മുന്നിലോടുന്ന ഒരു സ്വഭാവമുണ്ട്. പ്രൈവറ്റ് ബസുകൾ മത്സരിച്ചോടും. അവരുടേത് പുതിയ വണ്ടികളായിരിക്കും. എന്നാൽ നമ്മുടെ ഡ്രൈവർമാർ ആരും മത്സരിച്ചോടാൻ തയ്യാറല്ല. മത്സരിച്ച് ഓടിയാൽ അപകടമുണ്ടാകും. അതുകൊണ്ട് ഞാൻ മന്ത്രിയായി വന്നപ്പോൾ ഒരു തീരുമാനമെടുത്തു. പ്രൈവറ്റ് ബസുകളുടെ തലയ്ക്കൽ ഓടുന്നത് നിർത്താമെന്നത്. അവരുടേത് ബിസിനസ് ആണ്. അവർ ടാക്‌സ് അടയ്ക്കുന്നവരാണ് അവരത് നടത്തട്ടെ. അനാവശ്യമായ മത്സരത്തിന് പോകേണ്ട എന്ന തീരുമാനങ്ങളാണ് കളക്ഷൻ വർദ്ധിക്കാൻ കാരണമായത്. ലോക്കൽ ബസുകളിൽനിന്നുവരെ വലിയ കളക്ഷനാണ് ഉണ്ടാക്കാനായത്' എന്നാണ് മന്ത്രി പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്നാൽ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതോടെ ബസുകൾ പിൻവലിക്കില്ലെന്ന് മന്ത്രി നിലപാട് തിരുത്തി. കെഎസ്ആർടിസി ബസുകൾ പിൻവലിക്കാൻ കഴിയില്ലെന്നും മത്സര ഓട്ടത്തിന് ഇല്ലെന്ന് മാത്രമാണ് നിലപാടെന്നും ഗണേഷ് കുമാർ തിരുത്തുകയായിരുന്നു. 'പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്തെല്ലാം കെഎസ്ആർടിസി ബസ് ഓടുന്നുണ്ട്. ഞാൻ പറഞ്ഞത് തീരെ ബസുകളില്ലാത്ത ലോക്കൽ റൂട്ടുകളിൽ ബസ് ഓടിച്ചപ്പോൾ കളക്ഷൻ കിട്ടി എന്നാണ്. പ്രൈവറ്റ് ബസുകളുമായി മത്സരത്തിനില്ല. എല്ലാ റൂട്ടുകളിലും മാറിക്കൊടുക്കും എന്നല്ല പറഞ്ഞതിന് അർത്ഥം. പ്രൈവറ്റ് ബസുകളുടെ കുത്തക തകർത്തുകൊണ്ടാണ് കെഎസ്ആർടിസ് മുന്നേറുന്നത്' എന്നായിരുന്നു ഗണേഷ് കുമാർ മറുപടിയായി പറഞ്ഞത്.

Content Highlight: Chief Minister Pinarayi Vijayan corrects Transport Minister KB Ganesh Kumar regarding the route of KSRTC buses

To advertise here,contact us