തലശ്ശേരി: കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ചത്ത കാക്കയിലാണ് കണ്ണൂർ മാലൂർ പഞ്ചായത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തൃക്കടാരിപൊയിലിലാണ് കാക്ക ചത്തുവീണത്. സാമ്പിൾ പരിശോധിച്ചതിൽ കാക്കയ്ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറും നിർദേശിച്ചു. ജനുവരി 17ന് ഇരിട്ടി എടക്കാനത്ത് ചത്ത കാക്കയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
എന്താണ് പക്ഷിപ്പനി
പക്ഷികളിൽ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ (എച്ച്5 എൻ1). ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളിൽ നിന്നും പക്ഷികളിലേയ്ക്കാണ് ഇത് പകരാറുള്ളത്. പക്ഷികളിൽ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണ ഗതിയിൽ ഇത് പകരാറില്ല. എന്നാൽ അപൂർവമായി ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരാൻ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് ജനിതക വകഭേദം സംഭവിക്കാം. ഇത്തരത്തിലുള്ള വൈറസ് ബാധ ഗുരുതരമായ രോഗ കാരണമാകാം.
പക്ഷികളുമായി അടുത്തിടപഴകുന്നവർ ശ്രദ്ധിക്കേണ്ടവ
കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാരപക്ഷികൾ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ, വളർത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികൾ, വീട്ടമ്മമാർ, കശാപ്പുകാർ, വെറ്റിനറി ഡോക്ടർമാർ, മറ്റു ബന്ധപ്പെട്ട ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം.
പ്രതിരോധ മാർഗങ്ങൾ
രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം.
രോഗലക്ഷണങ്ങൾ
ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം കഫത്തിൽ രക്തം, കൺപോളയിൽ വീക്കം മുതലായവയാണ് രോഗലക്ഷണങ്ങൾ. രോഗപ്പകർച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവർ ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവർത്തകരേയോ അറിയിക്കുക. രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവർ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.
Content Highlight: Bird flu confirmed in dead crow in Malur panchayat, Kannur, The district collector has advised people to be vigilant