കരുനാഗപ്പള്ളി: മന്ത്രി സജി ചെറിയാനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിൽ. ലഹരിക്കേസിൽ ഉൾപ്പെട്ടവരെ മന്ത്രി സംരക്ഷിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗത്തിൽ അക്കാര്യം ആരോപിച്ചതെന്നും പൊലീസ് കേസുകൊണ്ട് പിന്മാറില്ലെന്നും ബിനു ചുള്ളിയിൽ കൂട്ടിച്ചേർത്തു.
കലാപ ആഹ്വാനത്തിനാണ് തനിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുന്ന വിധം വർഗീയ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാനെതിരെ താൻ കൊടുത്ത പരാതിയിൽ ഇതുവരെ പൊലീസ് മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല. കേരളത്തിൽ രണ്ട് രീതിയിലാണ് കാര്യങ്ങളെന്നും നീതിയില്ലെന്നും ബിനു ചുള്ളിയിൽ ആരോപിച്ചു.
ലഹരിക്കടത്ത് കേസിലെ പ്രതിയെ മന്ത്രി സജി ചെറിയാൻ സംരക്ഷിക്കുന്നുവെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനി ചുള്ളിയിൽ ആരോപിച്ചത്. കരുനാഗപ്പള്ളിയിൽ ലഹരിക്കടത്ത് കേസിൽ സിപിഐഎം പുറത്താക്കിയ ഷാനവാസിനെ മന്ത്രി സംരക്ഷിക്കുന്നുവെന്നും ലഹരി കടത്തിൽ മന്ത്രിക്കും പങ്കുണ്ടെന്നും ആലപ്പുഴയിൽ നടന്ന യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ ബിനു ചുള്ളിയിൽ ആരോപിച്ചിരുന്നു. പാർട്ടി പുറത്താക്കിയ നേതാവിനെ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ അനുവദിച്ചു. അതിന് പിന്തുണ നൽകിയത് മന്ത്രിയാണെന്നും ബിനു ആരോപിക്കുന്നു.
Content Highlights: Youth Congress leader Binu Chulliyil stood firm in his allegations against Minister Saji Cherian