തിരുവനന്തപുരം: തിരുവനന്തപുരം - കാസർകോട് അതിവേഗ പാതയായ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം(ആർആർടിഎസ്) പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. പദ്ധതിയുടെ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച മാർഗനിർദേശം കണക്കെയുള്ള ഉത്തരവിറക്കിയത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോ മീറ്ററാണ് ആർആർടിഎസിന്റെ ദീർഘം. ഇതിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ 284 കി മീറ്ററാണ് ആദ്യഘട്ടത്തിൽ പൂർത്തിയാകുക. ഇത് തിരുവിതാംകൂർ ലൈൻ എന്നായിരിക്കും അറിയപ്പെടുക. 2027ൽ നിർമാണം തുടങ്ങി 2033ൽ ആദ്യഘട്ടം പൂർത്തീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ആകെ ചെലവ് 1,92,780 കോടി രൂപയാണ്. ഇത് പ്രതീക്ഷിക്കുന്ന തുകയാണെന്നും അന്തിമ കണക്ക് ഡിപിആർ അടക്കം തയ്യാറാക്കി വരുമ്പോൾ മാത്രമേ വ്യക്തത വരികയുള്ളൂവെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
നിർമാണം തുടങ്ങി 12 വർഷത്തിനകം പദ്ധതി പൂർത്തീകരിക്കാനാകുമെന്നും 2027ൽ ആരംഭിച്ചാൽ 2039ൽ പദ്ധതി പൂർണമായും പൂർത്തികരിക്കാനാകുമെന്നും ഇതിൽ പറയുന്നു. ഗതാഗത വകുപ്പ് കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തുമെന്നും ഇത് സംബന്ധിച്ചുള്ള കൂടിയാലോചനകളും ഉടൻതന്നെ നടക്കുമെന്നും ഉത്തരവിലുണ്ട് . ആർആർടിഎസിന്റെ ചെലവ് വിഹിതം സംബന്ധിച്ചും ഇതിൽ പറയുന്നുണ്ട്. 20 ശതമാനം വീതം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും വഹിക്കേണ്ടിവരും. 60 ശതമാനം വായ്പയായിരിക്കും.
പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളിൽ ആയിരിക്കുമെന്നും ആവശ്യമുള്ള ഇടത്ത് മാത്രമായിരിക്കും തുരങ്കം നിർമിക്കുകയെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. രണ്ടാം ഘട്ടം മലബാർ ലൈൻ എന്ന പേരിൽ തൃശ്ശൂർ മുതൽ കോഴിക്കോട് വരെയും മൂന്നാം ഘട്ടം കണ്ണൂർ ലൈൻ എന്ന പേരിൽ കോഴിക്കോട് മുതൽ കണ്ണൂർ വരെയും നാലാം ഘട്ടം കാസർകോട് ലൈൻ എന്ന പേരിൽ കണ്ണൂർ മുതൽ കാസർകോട് വരെയുമായിരിക്കും ആർആർടിഎസ് പദ്ധതി നടപ്പാക്കുക.
പദ്ധതിക്ക് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകിയതിന് പിന്നാലെയാണ് തുടർനീക്കങ്ങളുമായി സർക്കാർ മുന്നോട്ട് പോകുന്നത്. ഡൽഹി- മീററ്റ് ആർആർടിഎസിന്റെ മാതൃകയിലായിരിക്കും പദ്ധതി കേരളത്തിൽ നടപ്പാക്കുക.
Content Highlights: state government has moved ahead with the RRTS project, issued an order clarifying the matters related to the steps of the project