'SITയ്ക്ക് വീഴ്ചയുണ്ടോ എന്ന് പറയേണ്ടത് കോടതിയാണ്, അവർക്ക് സംതൃപ്തിയാണ്'; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് രാജീവ്

പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് എസ്ഐടിയുടെ വീഴ്ച മൂലമാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മന്ത്രി പി രാജീവ്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രതിപക്ഷം ആധികാരികമായി അവതരിപ്പിക്കുന്നുവെന്നും എസ്ഐടിക്ക് വീഴ്ചയുണ്ടോ എന്ന് പറയേണ്ടത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണെന്നും മന്ത്രി പറഞ്ഞു. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് എസ്ഐടിയുടെ വീഴ്ച മൂലമാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

സ്വർണകൊള്ളയിലെ അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് എന്നും അന്വേഷണത്തിൽ ഡിവിഷൻ ബെഞ്ച് സംതൃപ്തിയാണ് രേഖപ്പെടുത്തിയതെന്നും മന്ത്രി പ്രതിപക്ഷത്തെ ഓർമിപ്പിച്ചു. ജാമ്യാപേക്ഷകൾ എത്തുന്നത് സിംഗിൾ ബെഞ്ചിന്റെ മുന്നിലാണ്. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡിവിഷൻ ബെഞ്ചിന്റെ പിന്തുണ അന്വേഷണസംഘത്തിനുണ്ട്. തുടർച്ചയായി അവിശ്വാസം രേഖപ്പെടുത്തി അന്വേഷണസംഘത്തെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നുവെന്ന് കോടതി പറഞ്ഞത് മാധ്യമങ്ങളെക്കുറിച്ചോ പ്രതിപക്ഷത്തെക്കുറിച്ചോ ആകാം എന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തെ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നു എന്നാകാം കോടതി ഉദ്ദേശിച്ചത് എന്നും പി രാജീവ് കുറ്റപ്പെടുത്തി.

എസ്ഐടിയിൽ ഉദ്യോഗസ്ഥരെ തിരുകിക്കയറ്റുന്നു എന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവാണ് എന്നും എന്നാൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയത് കോടതി അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. സിംഗിൾ ബെഞ്ചും ഇത് ശരിവെച്ചു. എസ്ഐടി റിപ്പോർട്ട് നൽകേണ്ടത് ഡിവിഷൻ ബെഞ്ചിന്റെ മുൻപിലാണ്. ആ ഡിവിഷൻ ബെഞ്ചാണ് അന്വേഷണത്തിൽ വീഴ്ചയുണ്ടോ എന്ന് പറയേണ്ടത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നില്ല എന്നതാണ് വാദമെങ്കിൽ കുറ്റപത്രം ധൃതിപിടിച്ച് സമർപ്പിച്ച് കേസ് തള്ളിപ്പോയാൽ എന്തായിരിക്കും പ്രതിപക്ഷത്തിന്റെ പ്രതികരണം എന്നും മന്ത്രി ചോദിച്ചു.

പോറ്റിയുമൊത്തുള്ള സോണിയ ഗാന്ധിയുടെ ചിത്രത്തിലും പി രാജീവ് വിമർശനമുന്നയിച്ചു. സോണിയ ഗാന്ധിയുടെ അടുത്ത് രണ്ട് എംപിമാരും ഉണ്ണികൃഷ്ണൻ പോറ്റിയും എങ്ങനെ എത്തി? വളരെ ഗൗരവമേറിയ ഈ ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല എന്നും രാജീവ് പ്രതിപക്ഷത്തെ ഓർമിപ്പിച്ചു. കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതിപക്ഷം മിണ്ടുന്നേയില്ല എന്നും നിയമസഭയിലെ ബിജെപി എംഎൽഎമാരുടെ കുറവാണ് പ്രതിപക്ഷം പരിഹരിക്കുന്നത് എന്നും രാജീവ് പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ വലിയ പ്രതിഷേധമാണ് സഭയ്ക്കകത്ത് പ്രതിപക്ഷം അഴിച്ചുവിട്ടത്. പ്ലക്കാർഡുകളുമായി പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിനു മുമ്പിൽ പ്രതിഷേധിച്ചു. ബാനർ താഴ്ത്തിയില്ലെങ്കിൽ പിടിച്ചുമാറ്റുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഇതിനിടെ ഡയസിന് മുകളിലേക്ക് ചാടിക്കടക്കാൻ ചില പ്രതിപക്ഷ എംഎൽഎമാർ ശ്രമിച്ചു. ടി വി ഇബ്രാഹിം, സനീഷ് കുമാർ ജോസഫ്, അൻവർ സാദത്ത് എന്നിവരാണ് ചാടിക്കടക്കാൻ ശ്രമിച്ചത്. ഇത് വാച്ച് ആൻഡ് വാർഡുമാർ തടഞ്ഞു. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ തിരികെ സീറ്റുകളിലേക്ക് മടങ്ങിയെത്തി. ഇതിനിടെ സ്പീക്കർ എഴുന്നേറ്റുപോകുകയായിരുന്നു.

പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ഭരണപക്ഷവും രംഗത്തെത്തിയിരുന്നു. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവന്‍കുട്ടി, വിവിധ എംഎൽഎമാർ എന്നിവരാണ് പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയത്. എന്ത് അതിക്രമമാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും കോടതിയിൽ തോറ്റാൽ നിയമസഭയിൽ എന്നതാണോ പ്രതിപക്ഷം ചെയ്യേണ്ടത് എന്ന് എം ബി രാജേഷ് ചോദിച്ചു. മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിന്റെ പേരിൽ മോദിയും പ്രിയങ്ക ഗാന്ധിയും ഒരുമിച്ച് ചായകുടിച്ച് ആഘോഷിച്ചവരാണെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

മന്ത്രി വി ശിവൻകുട്ടിയും പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു. എന്താണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും മാധ്യമങ്ങളിൽ ശ്രദ്ധ കിട്ടുന്നില്ല എന്നുള്ളതുകൊണ്ടാണ് സഭയിൽ അവർ പ്രതിഷേധിക്കുന്നത്. പ്രതിപക്ഷ നേതാവ് എംഎൽഎമാരെ വിളിച്ച് സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ക്ലാസ് എടുത്തുകൊടുത്തു. ഇതിൽ കൂടുതൽ എങ്ങനെയാണ് സഹിക്കുക എന്നും ശിവൻകുട്ടി ചോദിച്ചു. ഇതിനിടെ സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പ, സംരക്ഷിക്കുന്നത് ആരപ്പാ, സോണിയ ഗാന്ധിയെയാണ് അയ്യപ്പാ എന്ന പാരഡി ഗാനവും ശിവൻകുട്ടി പാടിയിരുന്നു.

സ്പീക്കർ എ എൻ ഷംസീറും പ്രതിപക്ഷത്തിനെതിരെ രംഗത്തുവന്നിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം അങ്ങേയറ്റം ദൗർഭാഗ്യകരമാണ് എന്നും ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം മര്യാദ പാലിക്കണമെന്നും സ്പീക്കർ പറഞ്ഞു. തന്നെ അന്ധനെപോലെയാക്കി എന്നും മുഖം മറച്ചത് ജനാധിപത്യവിരുദ്ധമെന്നും സ്പീക്കർ പറഞ്ഞു. വാച്ച് ആൻഡ് വാർഡുമാർ ഒന്നും ചെയ്തിട്ടില്ല എന്നും വേണമെങ്കിൽ തനിക്ക് അവരോട് നിർദേശം നൽകാമായിരുന്നുവെന്നും സ്പീക്കർ വ്യക്തമാക്കിയിരുന്നു.

Content Highlights: P Rajeev, a prominent leader from the ruling party, has sharply criticized the opposition's stance on the Sabarimala gold smuggling case, stating that it is up to the courts to determine whether the SIT has faltered. He added that the court are satisfied with SIT's work

To advertise here,contact us