ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാൻ ശ്രമിച്ച് പ്രതിപക്ഷ എംഎൽഎമാർ; ഇരിപ്പിടം വിട്ട് സ്പീക്കർ

വാച്ച് ആൻഡ് വാർഡ് തടഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ തിരികെ സീറ്റുകളിലേക്ക് മടങ്ങി

തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാൻ പ്രതിപക്ഷ എംഎൽഎമാരുടെ ശ്രമം. ഇതിന് പിന്നാലെ സ്പീക്കർ ഡയസ് വിട്ട് എഴുന്നേറ്റ് പോയി. എംഎൽഎ അൻവർ സാദത്താണ് കാൽ ഉയർത്തി ഡയസിന് മുകളിലേക്ക് കയറാൻ ശ്രമിച്ചത്. അൻവർ സാദത്തിന് പുറമെ ടി വി ഇബ്രാഹീം, സനീഷ് കുമാർ ജോസഫ് എന്നിവരും ഡയസിലേക്ക് ചാടി കടക്കാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡ് തടഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ തിരികെ സീറ്റുകളിലേക്ക് മടങ്ങി.

സ്വർണക്കൊള്ള വിഷയം ഉന്നയിച്ചതോടെ സഭ പ്രക്ഷുബ്ദമായി. സ്വർണക്കൊള്ളയിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം ബാനർ ഉയർത്തി. ഡയസിനടുത്തെത്തി തന്‍റെ മുഖം മറയ്ക്കും വിധം ബാനർ ഉയർത്തിയ പ്രതിപക്ഷത്തോട് ബാനർ താഴ്ത്തണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. ബാനർ താഴ്ത്തിയില്ലെങ്കിൽ പിടിച്ചുമാറ്റുമെന്നും സ്പീക്കർ പറഞ്ഞു. ഇതിനിടെയാണ് ഡയസിലേക്ക് കയറാനുള്ള പ്രതിപക്ഷ ശ്രമം നടന്നത്. ഇതോടെയാണ് സ്പീക്കർ ഡയസ് വിട്ടിറങ്ങിയത്. കുറച്ച് സമയത്തിനകം സ്പീക്കർ തിരിച്ചെത്തിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഡയസിനു മുകളിൽ വീണ്ടും സ്വർണക്കൊള്ള വിഷയം ഉന്നയിച്ചുള്ള ബാനർ വെച്ച് സ്പീക്കറുടെ മുഖംമറച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സഭാനടപടികളോട് സഹകരിക്കാതെ തുടർന്നു. പ്രതിപക്ഷ അംഗങ്ങൾ സഭയിൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനവും പാടി.

ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ പറഞ്ഞിരുന്നു. പ്രതികളെല്ലാവരും ജാമ്യത്തിൽ പുറത്തിറങ്ങുകയാണെന്നും അതിന് എസ്‌ഐടി അവസരം ഒരുക്കിനൽകുകയാണെന്നും ആരോപിച്ച സതീശൻ, ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും പറയുകയുണ്ടായി. പിന്നാലെയാണ് പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് സതീശൻ അറിയിച്ചത്.

സഭയിൽ സ്വർണക്കൊള്ള ഉയർത്തിയ പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം. ഹൈക്കോടതിയിൽ നിന്നും രണ്ട് കവിളിലും സ്പ്രിഗ്ലർ വിഷയത്തിൽ മാറിമാറി പ്രഹരം ഏൽക്കുന്നു. കോടതിയിൽ തോറ്റാൽ സഭയിൽ എന്നാണോ എന്നായിരുന്നു വി ഡി സതീശന് എം ബി രാജേഷിന്റെ മറുപടി.

പ്രതിപക്ഷം കവല ചട്ടമ്പിമാരാണോ എന്നായിരുന്നു ഡി കെ മുരളിയുടെ പ്രതികരണം. നാണം കെട്ട സമരപരിപാടിയാണിതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരു വികസനവും അനുവദിക്കില്ല എന്ന നിലപാടാണ് പ്രതിപക്ഷത്തിന് എന്നായിരുന്നു എൽഡിഎഫ് കൺവീനറായ ടി പി രാമകൃഷ്ണൻ പറഞ്ഞത്. പ്രതിപക്ഷത്തിനെതിരെ ശിവൻകുട്ടിയും രൂക്ഷ വിമർശനമുന്നയിച്ചു. ഒപ്പം പാരഡി ഗാനവും പാടി. 'സ്വർണ്ണം കട്ടത് കോൺഗ്രസ് അപ്പാ, സംരക്ഷിക്കുന്നത് സോണിയ ഗാന്ധിയപ്പാ' എന്നാണ് ശിവൻകുട്ടി സഭയിൽ പാടിയത്.

Content Highlights: Opposition MLAs attempt to jump over the Speaker's dias in the Assembly

To advertise here,contact us