മറ്റത്തൂർമോഡലിൽ കേരളം ഭരിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞിട്ടും മറുത്തൊന്നും മിണ്ടിയില്ല;സണ്ണി ജോസഫിനെതിരെ ഗോവിന്ദൻ

പുസ്തകം ഇറങ്ങുന്നതിനു മുമ്പ് കണക്ക് അവതരിപ്പിക്കാൻ മനസ്സില്ല, തോന്നിയവാസങ്ങൾ എഴുതി വച്ചാൽ കേസ് കൊടുക്കുമെന്നും വി കുഞ്ഞികൃഷ്ണന് എം വി ഗോവിന്ദന്‍റെ മറുപടി

കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മറ്റത്തൂർ മോഡലിൽ കേരളം ഭരിക്കും എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞിട്ടും അതിന് മറുത്ത് ഒരു അക്ഷരം പോലും സണ്ണി ജോസഫ് പറഞ്ഞില്ലെന്നും ഇതിന്റെ അർത്ഥം ബിജെപി- കോൺഗ്രസ് ബന്ധം ആണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 'ക' ഫെസ്റ്റിലലിലെ സംവാദത്തിനിടെയുണ്ടായ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് എം വി ഗോവിന്ദന്റെ പ്രതികരണം. മറ്റത്തൂർ പഞ്ചായത്തിൽ വെറും നാല് സീറ്റേ ബിജെപിക്കുള്ളു, എന്നിട്ടും അവിടെ ഞങ്ങൾ ഭരിക്കുന്നില്ലെ. 35 സീറ്റ് കിട്ടിയാൽ കേരളവും ഞങ്ങൾ ഭരിക്കും അതിലൊരു സംശയവും ഇല്ലായെന്നായിരുന്നു എം വി ഗോവിന്ദനും സണ്ണി ജോസഫും പങ്കെടുത്ത സംവാദ പരിപാടിയിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞത്.

ശബരിമല സ്വർണക്കൊള്ളയിൽ ആരെയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനും പാർട്ടിക്കും ഇല്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. സ്വർണക്കൊള്ളയിൽ ആദ്യം പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടത് സിപിഐഎം ആണ്. ഹൈക്കോടതി നിയന്ത്രണത്തിൽ അന്വേഷണം വേണം എന്നായിരുന്നു ആവശ്യം. നഷ്ടമായ സ്വർണം മുഴുവൻ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ സന്ദർശിച്ചത് സംബന്ധിച്ച് എം വി ഗോവിന്ദൻ നേരത്തെ ഉന്നയിച്ച ചോദ്യം ആവർത്തിച്ചു. കരുണാകരന് പോലും കാണാൻ കഴിയാത്ത സോണിയ ഗാന്ധിയെ രണ്ട് കള്ളന്മാർ കണ്ടു. എങ്ങനെയാണ് സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണൻ പോറ്റി കണ്ടത്?. ആരാണ് അതിന് അനുവാദം നൽകിയത്?. കോൺഗ്രസ് ഇതുവരെ അതിന് ഉത്തരം നൽകിയിട്ടില്ല. പൊതുപരിപാടിയിൽ പിണറായിയെ പോറ്റി കണ്ടത് എങ്ങനെ ഇതുമായി താരതമ്യം ചെയ്യാൻ കഴിയുമെന്നും എം വി ഗോവിന്ദൻ ചോദിച്ചു.

തന്റെ പുസ്തകത്തിന്റെ പ്രകാശനം നടക്കും മുമ്പ് പയ്യന്നൂരിലെ പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടാൻ സിപിഐഎം തയ്യാറാകണമെന്ന വി കുഞ്ഞികൃഷ്ണന്റെ വെല്ലുവിളിയിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. പുസ്തകം ഇറങ്ങുന്നതിനു മുമ്പ് കണക്ക് അവതരിപ്പിക്കാൻ മനസ്സില്ല എന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. തോന്നിയവാസങ്ങൾ പുസ്തകത്തിൽ എഴുതി വച്ചാൽ കേസ് കൊടുക്കുമെന്നും പാർട്ടി പുറത്താക്കിയ കുഞ്ഞികൃഷ്ണനെ മഹത്വവൽക്കരിക്കാൻ കഴിയില്ലെന്നും വിമർശിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിയെ വെല്ലുവിളിക്കാൻ കുഞ്ഞികൃഷ്ണൻ ആരാണെന്നും ഗോവിന്ദൻ ചോദിക്കുകയുണ്ടായി.

അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് തുറന്നതിനെ വിമർശിച്ച എം വി ഗോവിന്ദൻ, ഓഫീസ് തുറന്നത് ആളുകളെ പറ്റിക്കാനാണെന്ന് പറഞ്ഞു.

Content Highlights: CPIM State Secretary M V Govindan against KPCC President Sunny Joseph

To advertise here,contact us