തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികൾക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്ക് പേരിടാന്‍ പൊതുജനങ്ങൾക്കും അവസരം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള അപകട- ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി അതിവേഗം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പേരിടല്‍ എന്ന് മന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കരുതലാവാനൊരുങ്ങുന്ന ഈ പദ്ധതിയുടെ രജിസ്ട്രേഷന് നടപടികള്‍ ഉടന്‍ തന്നെ സ്കൂള്‍ തലത്തില്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിക്ക് പേര് നിര്‍ദേശിക്കാനുള്ള മാനദണ്ഡങ്ങള്‍;
പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍, പേര് നിര്‍ദേശിക്കേണ്ട രീതി, രജിസ്ട്രേഷന് മാനദണ്ഡങ്ങള്‍ എന്നിവ അടങ്ങിയ വിശദമായ സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉടന്‍ പുറത്തിറക്കുന്നതാണ്.
കുറിപ്പിന്റെ പൂര്‍ണരൂപം:
നമ്മുടെ കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണന. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിടുകയാണ്. ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം, ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അപകട/ലൈഫ് ഇൻഷുറൻസ് പദ്ധതി അതിവേഗം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കരുതലാവാനൊരുങ്ങുന്ന ഈ പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾ ഉടൻ തന്നെ സ്കൂൾ തലത്തിൽ ആരംഭിക്കുന്നതാണ്.
പദ്ധതിക്ക് പേര് നിർദേശിക്കാം
ജനകീയമായ ഈ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടെത്താൻ നിങ്ങളെയും ഞങ്ങൾ ക്ഷണിക്കുന്നു.
- നിങ്ങൾ ചെയ്യേണ്ടത്: ഈ ഇൻഷുറൻസ് പദ്ധതിക്ക് അനുയോജ്യമായ അർത്ഥവത്തായ ഒരു പേര് നിർദേശിക്കുക.
- സമ്മാനം: ഏറ്റവും മികച്ച പേര് നിർദേശിക്കുന്ന വ്യക്തിയെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനമാണ്.
- ആർക്കൊക്കെ പങ്കെടുക്കാം: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാം.
വിശദാംശങ്ങൾ ഉടൻ:-
പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ, പേര് നിർദേശിക്കേണ്ട രീതി, രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ എന്നിവ അടങ്ങിയ വിശദമായ സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കുന്നതാണ്. നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാം.
Content Highlight; Education Minister V Sivankutty has accepted suggestions from the public to name the insurance scheme for school students.