'സഭ സ്തംഭിപ്പിച്ചത് ജനാധിപത്യ പാരമ്പര്യത്തിന് ചേർന്നതല്ല'; പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

'ശബരിമലയിലെ സ്വർണം കവർന്നവർക്ക് അർഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ട്'

'സഭ സ്തംഭിപ്പിച്ചത് ജനാധിപത്യ പാരമ്പര്യത്തിന് ചേർന്നതല്ല'; പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: നിയമസഭയ്ക്കുളളിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നടപടി ജനാധിപത്യവിരുദ്ധമാണെന്നും പ്രതിഷേധം എന്ന പേരിൽ പ്രതിപക്ഷം നിയമസഭയിൽ അക്രമം അഴിച്ചുവിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കുക പോലും ചെയ്യാതെ സഭാ നടപടികൾ സ്തംഭിപ്പിച്ചുകൊണ്ട് പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു പ്രതിപക്ഷം. സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറി കയ്യേറ്റത്തിന് ശ്രമിച്ചുവെന്നും പ്രതിപക്ഷത്തിന്റെ നടപടി ജനാധിപത്യ പാരമ്പര്യത്തിന് ചേർന്നതല്ലയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ശബരിമലയിലെ സ്വർണം കവർന്നവർക്ക് അർഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ട്. കേസിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു. ഇതിന്റെ ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷം അക്രമം അഴിച്ചുവിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ കുതന്ത്രങ്ങളൊന്നും തന്നെ ഏശാൻ പോകുന്നില്ല. എത്രയൊക്കെ മൂടിവെക്കാൻ ശ്രമിച്ചാലും സത്യം മറനീക്കി പുറത്തുവരും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ വൻ പ്രതിഷേധമായിരുന്നു സഭയ്ക്കകത്ത് പ്രതിപക്ഷം അഴിച്ചുവിട്ടത്. പ്ലക്കാർഡുകളുമായി പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിന് മുമ്പിൽ പ്രതിഷേധിച്ചു. ബാനർ താഴ്ത്തിയില്ലെങ്കിൽ പിടിച്ചുമാറ്റുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഇതിനിടെ ഡയസിന് മുകളിലേക്ക് ചാടിക്കടക്കാൻ ചില പ്രതിപക്ഷ എംഎൽഎമാർ ശ്രമിച്ചു. ടി വി ഇബ്രാഹിം, സനീഷ് കുമാർ ജോസഫ്, അൻവർ സാദത്ത് എന്നിവരാണ് ചാടിക്കടക്കാൻ ശ്രമിച്ചത്. ഇത് വാച്ച് ആൻഡ് വാർഡുമാർ തടഞ്ഞു. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ തിരികെ സീറ്റുകളിലേക്ക് മടങ്ങിയെത്തി. ഇതിനിടെ സ്പീക്കർ എഴുന്നേറ്റുപോയി.

Content Highlight : Chief Minister Pinarayi Vijayan strongly came down on the opposition for disrupting proceedings with their protest in the assembly

dot image
To advertise here,contact us
dot image