തിരുവനന്തപുരം: വിളപ്പിൽശാലയിലെ ബിസ്മീറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണങ്ങളുണ്ട്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തള്ളി ബിസ്മീറിന്റെ കുടുംബം രംഗത്തെത്തി. റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
എന്തുകൊണ്ട് സിപിആർ കൊടുത്തില്ല എന്നും അങ്ങനെ കൊടുത്തിരുന്നെങ്കിൽ ബിസ്മീർ ജീവനോടെ ഉണ്ടാകുമായിരുന്നു എന്നുമാണ് ഭാര്യ ജാസ്മിന്റെ പ്രതികരണം. ഡോക്ടർമാർ കേസ് കൊടുത്തോളൂ എന്ന് പറഞ്ഞതുകൊണ്ടാണ് താൻ മുന്നോട്ടുവന്നത്. രണ്ട് ദിവസം മുൻപും ബിസ്മീറിന് ശ്വാസതടസം ഉണ്ടായിരുന്നു. മറ്റൊരു ഡോക്ടറെ കാണാൻ പറയുകയും ചെയ്തിരുന്നു. കേസുമായി താൻ മുന്നോട്ടുപോകും. കുടുംബത്തിന് നഷ്ടപെട്ടത് ഇനി തിരിച്ചുകിട്ടില്ല. ഇനി ഒരാൾക്കും ഇങ്ങനെ ഉണ്ടാകരുത് എന്നും ജാസ്മിൻ റിപ്പോർട്ടറിനോട് പറഞ്ഞു.
അതേസമയം, വിഷയത്തിൽ ഡോക്ടർമാർ പറഞ്ഞ കാര്യങ്ങളെ ശരിവെക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണകാരണം ഹൃദയാഘാതമാണ്. ശരീരത്തിൽ അങ്ങിങ്ങായി നീല നിറം കാണുന്നുണ്ട്. ഇത് ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണമാണ്. ശ്വാസനാളത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ കയറിയിരുന്നു. ഇത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായി എന്നാണ് നിഗമനം.
ജനുവരി 19നായിരുന്നു ശ്വാസതടസ്സത്തെ തുടർന്ന് വിളപ്പിൽശാല സ്വദേശിയായ ബിസ്മീർ(37) മരിക്കുന്നത്. പുലർച്ചയോടെ ബിസ്മീറിന് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്ന് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഏറെ വൈകിയാണ് ആശുപത്രിയുടെ അകത്ത് പ്രവേശിക്കാനായതെന്നും കുടുംബം പറഞ്ഞിരുന്നു. അകത്ത് കടന്ന ശേഷവും ഡോക്ടറുടെ സേവനം ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ ഡോക്ടർ വന്ന് പരിശോധിക്കുമ്പോൾ ബിസ്മീറിന്റെ നില ഗുരുതരമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് ഡോക്ടർ ചെയ്തത്. ആശുപത്രിയിലെ തന്നെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ബിസ്മീർ മരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.
കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. സംഭവം ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് ഡിജിപിയുടെ നിർദേശം.
Content Highlights: Bismir was confirmed to have died of a heart attack according to his postmortem report. The findings in the autopsy contradict earlier claims of medical error, establishing a heart-related issue as the primary cause of death