തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് ആരോപണം വസ്തുതാവിരുദ്ധമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). പ്രസവസമയത്ത് ഉണ്ടാകാവുന്ന സ്വാഭാവികമായ ചില സങ്കീർണ്ണതകളാണ് നിർഭാഗ്യവശാൽ സംഭവിച്ചതെന്നും കെജിഎംഒഎ അറിയിച്ചു.
1500-ഓളം പ്രസവങ്ങളും 600-ഓളം ലാപറോസ്കോപിക് സ്റ്റെറിലൈസേഷനുകളും വിജയകരമായി നടത്തിയ വളരെ സീനിയർ ആയ ഡോക്ടറാണ് ഈ പ്രസവം കൈകാര്യം ചെയ്തത്. പ്രസവശേഷം രോഗി സുഖമായി ആശുപത്രി വിട്ടിരുന്നു. പിന്നീട് 20 ദിവസത്തിന് ശേഷമാണ് തിരികെ ചികിത്സയ്ക്ക് എത്തുന്നത് . അതിനുശേഷം ആണ് ചികിത്സാ പിഴവ് ആരോപണമെന്നും കെജിഎംഒഎ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം ഡിഎംഒ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും കെജിഎംഒഎ അറിയിച്ചു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവം നടന്ന ഹസ്നാ ഫാത്തിമയാണ് ഗുരുതര ചികിത്സാ പിഴവ് ആരോപിച്ച് രംഗത്തെത്തിയത്. അശാസ്ത്രീയമായി എപ്പിസോട്ടമി ചെയ്തതിനാൽ മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതായി യുവതി പറഞ്ഞിരുന്നു. മൂത്രനാളിയിലൂടെ മലമൂത്ര വിസർജനം നടക്കുന്നതിനാൽ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി ഹസ്ന പറഞ്ഞു.
പൂർണ ഗർഭിണിയായ വിതുര സ്വദേശിനി ഹസ്ന ഫാത്തിമ 2025 ജൂൺ 18നാണ് നെടുമങ്ങാട് ജില്ല ആശുപത്രിയിൽ അഡ്മിറ്റായത്. 19ന് പ്രസവം നടന്നു. പ്രസവശേഷം സ്വാഭാവിക പ്രസവത്തിനിടെ ഡോക്ടര്‍ക്ക് ഗുരുതര പിഴവ് പറ്റിയെന്നാണ് ആരോപണം ഉയർന്നത്. പിഴവ് മറച്ചു വെച്ച ഡോക്ടര്‍ മുറിവ് തുന്നി കെട്ടി പ്രസവം പൂര്‍ത്തിയാക്കി വാര്‍ഡിലേക്ക് മാറ്റിയെന്നും പരാതിയുണ്ട്. മെഡിക്കല്‍ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. കോസ്റ്റോമി ശസ്ത്രക്രിയയും പ്ലാസ്റ്റിക് സര്‍ജറിയും ചെയ്തു. ഇനിയും രണ്ട് ശസ്ത്രക്രിയകള്‍ കൂടി ചെയ്യണം. ഇതുവരെ ആറ് ലക്ഷം രൂപ ചികിത്സയ്ക്ക് ചെലവായെന്നും കുടുംബം പറയുന്നു. ആറ് മാസമായി വിതുര സ്വദേശിനി കടുത്ത ദുരിതത്തിലാണ്.
പ്രസവ ശേഷം 23-കാരിക്ക് മലവിസര്‍ജനത്തിന് തടസമുണ്ട്. യോനിയിലൂടെയാണ് മലം പോകുന്നത്. മലം പോകാതെ വയറ്റില്‍ കെട്ടിക്കിടന്ന് അണുബാധയുണ്ടായി. ചികിത്സാ പിഴവ് മറച്ചുവെച്ച് ഡോക്ടര്‍ മുറിവ് തുന്നി കെട്ടിയെന്നും ആരോപണമുണ്ട്. പ്രസവത്തെത്തുടര്‍ന്ന് എപ്പിസിയോട്ടമി ഇട്ടതില്‍ ഡോക്ടര്‍ന്ന് കൈപ്പിഴവുണ്ടായെന്നാണ് ആരോപണം. പ്രസവസമയത്ത് കുഞ്ഞിന് എളുപ്പത്തില്‍ പുറത്തുവരാനായി യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗത്ത് ഡോക്ടര്‍ ചെയ്യുന്ന ഒരു ചെറിയ ശസ്ത്രക്രിയാ മുറിവാണ് എപ്പിസിയോട്ടമി. മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്ന് സ്കാനിംഗില്‍ കണ്ടെത്തി. വിഷയത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു. വണ്ടിയില്‍ ഇരുന്ന് യാത്ര ചെയ്തതാണ് ഞരമ്പ് മുറിയാന്‍ കാരണമെന്നാണ് പ്രസവം നടത്തിയ ഡോക്ടര്‍ നല്കുന്ന വിശദീകരണം.
Content Highlight : Complaint alleging serious treatment fault at Nedumangad District Hospital KGMOA says it is untrue