ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറം അമ്പിളി വധക്കേസില്‍ ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തം. ഭര്‍ത്താവ് രാജേഷ് കുമാറിനെ(രാജന്-46)യാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് ഭാരതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊലപാതകത്തിനും പിടിച്ചുപറിക്കുമാണ് ശിക്ഷ. രണ്ടുലക്ഷം രൂപ പിഴയടയ്ക്കണം.
പള്ളിപ്പുറം തിരുനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന പള്ളിപ്പുറം പുത്തന്‍ കോനാട്ട് വീട്ടില്‍ അമ്പിളി 2024 മെയ് 18-ാം തീയതിയാണ് കൊല്ലപ്പെട്ടത്. വൈകിട്ട് ആറുമണിക്ക് പള്ളിപ്പുറം-ചേര്‍ത്തല റോഡില്‍ പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപത്തായിരുന്നു സംഭവം. അതിക്രൂരമായാണ് അമ്പിളിയ രാജേഷ് കൊലപ്പെടത്തിയത്. 19 തവണയാണ് കുത്തേറ്റത്. കരളും വൃക്കയും വരെ മുറിഞ്ഞ നിലയിലായിരുന്നു.
കൊലപ്പെടുത്തിയ ശേഷം അമ്പിളിയുടെ കൈവശമുണ്ടായിരുന്ന കളക്ഷന്‍ ബാഗും തട്ടിയെടുത്താണ് പ്രതി കടന്നുകളഞ്ഞത്. രാജേഷിന് മറ്റൊരു യുവതിയുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുഹമ്മ സ്വദേശിയായ വീട്ടമ്മയുമായി രാജേഷ് കുമാറിന് അടുപ്പമുണ്ടായിരുന്നു.
കൊലപാതകത്തിന് ഒരാഴ്ച മുമ്പ് ഇവര്‍ക്കിടയിലെ ചാറ്റിങ്ങിനെ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് രാജേഷ്കുമാര്‍ ഭാര്യ അമ്പിളിയേയും മകള്‍ രാജലക്ഷ്മിയേയും ആക്രമിച്ചിരുന്നു. ചേര്‍ത്തല പൊലീസിന് അമ്പിളി പരാതിയും നല്‍കുകയും പൊലീസ് പ്രശ്നത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്തിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയാല്‍ മതിയെന്നാണ് അമ്പിളിയോട് പൊലീസ് പറഞ്ഞിരുന്നത്. തുടര്‍ന്ന് വീട്ടിലെത്തി രണ്ടാം ദിവസമായിരുന്നു കൊലപാതകം.
ബാങ്കിന്റെ പണപ്പിരിവിന് പോയതായിരുന്നു അമ്പിളി. പളളിപ്പുറം വില്ലേജ് ഓഫീസിന് സമീപത്തെ കടയില്‍ നിന്ന് പണം വാങ്ങി അമ്പിളി സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി നീങ്ങിയപ്പോള്‍ ബൈക്കില്‍ വന്ന രാജേഷ്കുമാര്‍ സ്കൂട്ടറില്‍ ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തി തുടരെത്തുടരെ കുത്തുകയായിരുന്നു. ദൃക്സാക്ഷിയായ കച്ചവടക്കാരിയും മുന്‍ പഞ്ചായത്ത് മെമ്പറും കൃത്യമായ മൊഴി നല്‍കിയാണ് കേസില്‍ പ്രോസിക്യൂഷന് സഹായകമായത്.
35 സാക്ഷികളില്‍ 19 പേരുടെ മൊഴി തെളിവാക്കി. പ്രതിയുടെ ജാമ്യാപേക്ഷകള്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തേ തള്ളിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്എ ശ്രീമോനാണ് ഹാജരായത്.
Content Highlights: Husband gets Double Life Imprisonment in Ambili death case