സിഎസ്ആർ ഫണ്ട് വാങ്ങിനൽകാമെന്ന് പറഞ്ഞ് 29 ലക്ഷം തട്ടി; ബിജു രാധാകൃഷ്ണനെതിരെ കേസ്

പലപ്പോഴായി പണം എത്തിച്ചുനൽകും എന്നായിരുന്നു ബിജു രാധാകൃഷ്ണൻ പറഞ്ഞുവിശ്വസിപ്പിച്ചത്

കൊച്ചി: സിഎസ്ആർ ഫണ്ട് തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ തട്ടിയെടുത്തതിൽ ബിജു രാധാകൃഷ്ണനെതിരെ കേസ്. നിലമ്പൂർ എരഞ്ഞിമങ്ങാട് സ്വദേശി കെ റിൻഷാദിന്റെ പരാതിയിൽ കടവന്ത്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്. സോളാർ കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളിൽ അകപ്പെട്ടയാളായിരുന്നു ബിജു രാധാകൃഷ്ണൻ.

വലിയ കമ്പനികളുടെ സിഎസ്ആർ ഫണ്ടുകൾ തരപ്പെടുത്തി നൽകുമെന്ന് പറഞ്ഞാണ് ബിജു രാധാകൃഷ്ണൻ റിൻഷാദിനെ തട്ടിപ്പിനിരയാക്കിയത്. കൊച്ചിയിൽ സലൂൺ ഉടമയാണ് റിൻഷാദ്. റിൻഷാദിന്റെ സലൂണിൽ സ്ഥിരം വന്നുപോയിരുന്ന ബിജു, താൻ സുപ്രീംകോടതി അഭിഭാഷകനാണെന്നും ഭാര്യ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുകയാണെന്നുമാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഒരു സൗഹൃദ സംഭാഷണത്തിനിടയിൽ ബിജു താൻ സിഎസ്ആർ ഫണ്ടുകൾ ശരിയാക്കിനൽകാറുണ്ടെന്നും ഒരു ആശുപത്രി നിർമിക്കാൻ ഫണ്ട് ശരിയാക്കി നൽകാമെന്നും റിൻഷാദിന് വാഗ്ദാനം നൽകുകയായിരുന്നു.

പലപ്പോഴായി പണം എത്തിച്ചുനൽകും എന്നായിരുന്നു ബിജു രാധാകൃഷ്ണൻ പറഞ്ഞുവിശ്വസിപ്പിച്ചത്. ആദ്യം 300 കോടി രൂപ, ആശുപത്രി നിർമാണം കഴിയുമ്പോൾ 300 കോടി രൂപ തുടങ്ങി 1500 കോടി റോപ്പ് എത്തിച്ചുനൽകാം എന്നുവരെ വാഗ്ദാനം നൽകി. ഇതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കണമെന്നും ബിജു റിൻഷാദിനോട് നിർദേശിച്ചിരുന്നു.

ഈ സിഎസ്ആർ ഫണ്ട് ലഭ്യമാക്കാനായാണ് ബിജു രാധാകൃഷ്ണൻ റിൻഷാദിൽ നിന്ന് പണം വാങ്ങിയത്. ആദ്യഘട്ടത്തിൽ 20 ലക്ഷം രൂപ, ആംബുലൻസ് വാങ്ങാൻ ഏഴ് ലക്ഷം രൂപ, ഡോക്യൂമെന്റേഷന് രണ്ട് ലക്ഷം രൂപ എന്നിങ്ങനെയാണ് ബിജു വാങ്ങിയത്. കേസിൽ ബിജു രാധാകൃഷ്ണൻ ഒന്നാം പ്രതിയാണ്. അഭിഭാഷകയായ നിഷ പീറ്ററാണ് രണ്ടാം പ്രതി. ബിജുവിന്റെ സഹായി ബെർലിൻ, ബിജുവിന്റെ എൻജിഒയിലെ ജീവനക്കാരൻ വേണുഗോപാൽ എന്നിവരാണ് മൂന്നും നാലും പ്രതികൾ. വിശ്വാസവഞ്ചന, കബളിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. പണം തിരികെ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ച റിൻഷാദിനെ രണ്ടാം പ്രതി ഭീഷണിപ്പെടുത്തി എന്നും പരാതിയിലുണ്ട്.

വിസിറ്റിങ് കാർഡ് അടക്കം നൽകിയാണ് ബിജു തന്നെ വിശ്വസിപ്പിച്ചത് എന്ന് റിൻഷാദ് പറയുന്നു. ബിജു ജോർജ് കല്ലോലിത്തടത്തിൽ എന്നായിരുന്നു പേര് പറഞ്ഞിരുന്നത്. തമിഴ്‌നാട്ടിലും കർണാടകത്തിലും നിരവധി പേർ ഇത്തരത്തിൽ പറ്റിക്കപ്പെട്ടിട്ടുണ്ട് എന്ന് റിൻഷാദ് പറയുന്നു.

ഫണ്ട് കൈമാറുന്ന കാര്യം പറയാനായി തന്നെ ദുബായിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും എന്നാൽ അവിടെയെത്തിയപ്പോൾ പറ്റിച്ചുവെന്നും റിൻഷാദ് പറയുന്നു. ബിജു ഫോൺ എടുക്കാത്തത് മൂലം തനിക്ക് സ്വന്തം ചെലവിൽ താമസിക്കേണ്ടിവന്നു. പിന്നീട് ഓഫീസിലേക്ക് വിളിച്ചപ്പോൾ ബിജു യുകെയിൽ ആണെന്നും വിളിക്കുമ്പോൾ പറയാം എന്നുമായിരുന്നു ലഭിച്ച മറുപടി. ഈ സമയത്താണ് ബിജുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന ഒരു പഴയ വാർത്തയുടെ ലിങ്ക് ലഭിച്ചത്. അപ്പോഴാണ് താൻ പറ്റിക്കപ്പെട്ടുവെന്ന് മനസിലായതെന്നും റിൻഷാദ് പറഞ്ഞു.

ഇതിനിടെ തനിക്കും കുടുംബത്തിനും വധഭീഷണി ഉണ്ടെന്നുകാട്ടി റിൻഷാദ് കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ സംരക്ഷണം നൽകണമെന്ന് കോടതി മരട് എസ്എച്ച്ഒയോട് ആവശ്യപ്പെട്ടു. നിലവിൽ കേസിൽ കടവന്ത്ര പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇരുവരും തമ്മിൽ നടന്ന പണമിടപാടുകൾ എല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ റിൻഷാദ് മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നാണ് ഡിജിപി നിർദേശം നൽകിയിട്ടുള്ളത്.

Content Highlights:Police have registered a case against solar scam accused Biju Radhakrishnan in connection with an alleged Corporate Social Responsibility fund fraud.

To advertise here,contact us