കേരളത്തോടുള്ള തികഞ്ഞ അവഗണനയാണ് നിർമ്മല സീതാരാമന് അവതരിപ്പിച്ച മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ മൂന്നാം ബജറ്റില്‍ നിറഞ്ഞ് നില്‍ക്കുന്നത്. എയിംസ്, അതിവേഗ റെയില്‍, വിഴിഞ്ഞം പദ്ധതിക്ക് സഹായം, ശബരി റെയില്‍ തുടങ്ങി കേരളം പ്രതീക്ഷിച്ച ഒരു പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചില്ല. ധാതു ഇടനാഴിയിലെ സാന്നിധ്യം, കടലാമ സംരക്ഷണം തുടങ്ങിയവാണ് കേരളത്തെ സംബന്ധിച്ച് എടുത്ത് പറയാന്‍ സാധിക്കുന്ന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍.
സ്വർണാഭരണ പ്രേമികളേയും നിരാശരാക്കുന്ന ബജറ്റാണ് നിർമ്മല സീതാരാമന് ഇന്ന് പാർലമെന്റില്‍ അവതരിപ്പിച്ചത്. സ്വർണ വില കുത്തനെ കയറുന്ന സാഹചര്യത്തില്‍ വിപണിക്ക് ആശ്വാസമാകുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകണമെന്ന് ആഗ്രഹിച്ചവർ ഏറെയായിരുന്നു. സ്വർണ്ണം വാങ്ങാനുള്ള ക്യാഷ് പർച്ചേസ് പരിധി 5 ലക്ഷം രൂപ ആക്കി ഉയർത്തണമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഉള്‍പ്പെടേയുള്ള സംഘടനകള്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്വർണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കുക, ജി എസ് ടിയിലെ ഇളവ് എന്ന ആവശ്യവും സംഘടന വീണ്ടും ഉയർത്തി.
സ്വർണ്ണത്തിൻറെ വില ഉയർന്നതിനാൽ 12 ഗ്രാം സ്വർണം മാത്രമാണ് 2 ലക്ഷം രൂപയ്ക്ക് വാങ്ങിക്കാൻ കഴിയുക. പാൻ കാർഡിന്റെ പരിധി രണ്ട് ലക്ഷമായി നിശ്ചയിക്കുന്ന സമയത്ത് 80 ഗ്രാം സ്വർണം 2 ലക്ഷം രൂപയ്ക്ക് വാങ്ങിക്കാൻ കഴിയുമായിരുന്നു. കാർഷിക മേഖലയിൽ നിന്നുള്ള വരുമാനവും മറ്റും സ്വർണത്തിൽ നിക്ഷേപിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. വിപണിയിൽ പണമൊഴുക്ക് തടസ്സപ്പെടുത്താൻ മാത്രമേ ഈ നിയമങ്ങൾ ഉപകരിക്കു. വിപണിയെ പ്രോത്സാഹിപ്പിക്കുന്നതിന് പാൻ കാർഡ് പരിധി ഉയർത്തണമെന്ന് കേന്ദ്ര ധന മന്ത്രിക്ക് നൽകിയ നിവേദനത്തിലും സംഘടന ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ ആവശ്യങ്ങളൊന്നും കേന്ദ്ര സർക്കാർ പരിഗണിച്ചതേയില്ല. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ സംബന്ധിച്ച് ബജറ്റ് തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ രാവിലെ ഇന്ത്യന്‍ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ വലിയ ഇടിവ് നേരിട്ടിരുന്നു. അതേസമയം തന്നെ സ്വർണ വിലയെ ട്രാക്ക് ചെയ്യുന്ന സ്വർണ ഇടിഎഫുകള്‍ വലിയ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാജ്യാന്തര വിലയിലുണ്ടായ ഇടിവിന്റെ ചുവടുപിടിച്ച് ഏഴുമുതല്‍ 16 ശതമാനം വരെയാണ് വിവിധ ഇടിഎഫുകളിലുണ്ടായ ഇടിവ്.
സ്വർണ വ്യാപാര മേഖലയെ പരാമർശിച്ചില്ല
കേന്ദ്ര ബജറ്റിൽ സ്വർണ വ്യാപാര മേഖലയെ പരാമർശിച്ചതേയില്ലെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു. ഇറക്കുമതി ചുങ്കവും, ജി എസ് ടി നിരക്കുകളും കുറയ്ക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല.ഒരു പവൻ സ്വർണത്തിന് 20,000 രൂപ വിലയുള്ളപ്പോഴാണ് 3%ജിഎസ്ടി ചുമത്തിയത്. 600 രൂപയായിരുന്നു അന്ന് നികുതി അടയ്ക്കേണ്ടിയിരുന്നത്. ഇന്നിപ്പോൾ ഒരു പവൻ സ്വർണത്തിന് 3500 രൂപയിൽ കൂടുതൽ നികുതിയായി നൽകണം.
ജനങ്ങളുടെ കൈവശമുള്ള സ്വർണ്ണം പുനരുപയോഗത്തിന് സാധ്യമാക്കണമെന്ന് ആവശ്യവും പരിഗണിച്ചില്ല. ക്യാഷ് പർച്ചേസ് പരിധിയുയർത്തിയില്ല. ഇഎംഐ സംവിധാനവും ഏർപ്പെടുത്തിയില്ല. സ്വർണ്ണ വ്യാപാര മേഖലയ്ക്ക് പൊതുവേ നിരാശ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Gold prices corrected sharply post-Budget 2026 due to no relief on import duty (stays 6%), GST, or SGB incentives—key demands ignored by traders