തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കടുത്ത വിവേചനമെന്ന് മന്ത്രി പി രാജീവ്. കേരളത്തിന് അതിവേഗ റെയിൽ പാത അനുവദിച്ചില്ലെന്ന് മാത്രമല്ല, ഇത്തരമൊരു പദ്ധതി ആദ്യം മുന്നോട്ടുവെച്ച ഒരു സംസ്ഥാനമെന്ന നിലയിൽ അത് പരിഗണിച്ച് കൊണ്ട് അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചില്ലെന്നും പി രാജീവ് കുറ്റപ്പെടുത്തി. അതിവേഗ റെയിൽ സംവിധാനം സംബന്ധിച്ച് സംസ്ഥാന സർക്കാർ നേരത്തെ തന്നെ മുൻ കൈ എടുത്ത് കേന്ദ്രത്തിന് നൽകിയിരുന്നു. അതിന് അംഗീകാരം നൽകാതിരിക്കുകയും കേന്ദ്രം പുതുതായി പ്രഖ്യാപിക്കുമ്പോൾ അതിൽ കേരളത്തെ ഉൾപ്പെടുത്താതിരിക്കുന്നതും കടുത്ത വിവേചനമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
എയിംസിനായി സ്ഥലംവരെ കണ്ടെത്തിയ സംസ്ഥാനമാണ് കേരളം , എന്നാൽ ഇത്തവണയും എയിംസ് നൽകിയില്ല. നികുതി വിഹിതത്തിൽ കേരളത്തിന് അർഹമായ പങ്കാളിത്തം കിട്ടണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. കേരളത്തെ ബന്ധിപ്പിച്ച് ആകെ പ്രഖ്യാപിച്ചത് ധാതു ഇടനാഴിമാത്രമാണ്. അതിന് പിന്നിൽ നമ്മുടെ സംസ്ഥാനത്തുള്ള ധാതുക്കൾ അപ്പുറത്തേക്ക് കൊണ്ടുപോകാനുള്ള ഉദ്ദേശമാണോ എന്ന് അറിയില്ല. സംസ്ഥാനത്തിന്റെ അധികാരം ദുർബലപ്പെടുത്തിക്കൊണ്ട് ധാതുക്കളുടെ ലേലം ഉൾപ്പെടെ കേന്ദ്രത്തിന് നേരിട്ട് ചെയ്യാനുള്ള അവകാശം നൽകുന്ന ചില ഭേദഗതികൾ മുന്നോട്ടുവെക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ധാതുക്കൾ എടുക്കാനാണോ ഈ കേന്ദ്രനീക്കം എന്നത് പരിശോധിക്കേണ്ടതുണ്ട്. ഒറ്റനോട്ടത്തിൽ കടുത്ത അവഗണനയാണ് സംസ്ഥാനത്തോട് കേന്ദ്രം കാണിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് പ്രഖ്യാപിച്ചത്. എന്നാൽ അതിൽ കേരളം ഉൾപ്പെട്ടില്ല. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരാണസി-സിലിഗീരി എന്നിവയാണ് ഏഴ് അതിവേഗ റെയില്‍ കോറിഡോറുകള്‍. അതേസമയം കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളില്‍ ധാതു ഖനനം, സംസ്കരണം അടക്കമുള്ള കാര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത്.
Content Highlights: Minister P Rajeev criticize central government, he says there is severe neglect and discrimination towards Kerala in the central budget