പാര്‍ട്ടിക്കകത്ത് നിന്ന് പണി തരുന്നവര്‍ തൃശ്ശൂരിലുമുണ്ട്; അവരെ സൂക്ഷിക്കണം, മത്സരിക്കാനില്ല: കെ മുരളീധരന്‍

'കേരളത്തില്‍ യുഡിഎഫ്-ബിജെപി മത്സരമാണ് നടക്കുക. ഈ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് ബിജെപിയുമായി അന്തര്‍ധാരയുണ്ടാകും'

ഗുരുവായൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. താന്‍ മത്സരരംഗത്തുണ്ടാകുമെന്ന് പലയിടങ്ങളില്‍ നിന്നും കേള്‍ക്കുന്നുണ്ട്. മത്സരിക്കാന്‍ വ്യക്തിപരമായി താല്‍പര്യം ഇല്ല. മറ്റുകാര്യങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ്-ബിജെപി മത്സരമാണ് നടക്കുക. ഈ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് ബിജെപിയുമായി അന്തര്‍ധാരയുണ്ടാകും. യുഡിഎഫിന് ഇപ്പോള്‍ അനുകൂല സാഹചര്യമാണുള്ളത്. അതിന് ഒന്നിച്ചുനില്‍ക്കണം. കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോകുന്നവരെ പേടിക്കേണ്ടതില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടിക്കകത്ത് നിന്നും പണി തരുന്നവരുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. അവരെ സൂക്ഷിക്കണം. അത്തരക്കാര്‍ തൃശ്ശൂരിലുമുണ്ട്. തൃശ്ശൂരിലെ സീറ്റ് നഷ്ടപ്പെടുന്നതിന്റെ കാരണവും അതാണ്. ഗുരുവായൂരില്‍ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാന്‍ ഒന്നിച്ചുനില്‍ക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മൂഡ് തനിക്കില്ലെന്ന് കെ മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുകയെന്നത് ശരിയല്ല. അതുകൊണ്ട് ഇത്തവണ മാറിനില്‍ക്കാന്‍ തീരുമാനിച്ചുവെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

അതേസമയം കെ മുരളീധരന്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിലെ കായംകുളത്തും കോഴിക്കോട് തിരുവമ്പാടിയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുരളീധരന്‍ കേരളത്തിന്റെ മതേതര മുഖമാണെന്നും വിജയം സുനിശ്ചിതമാണെന്നുമായിരുന്നു പോസ്റ്ററിലുള്ളത്.

Content Highlights: Not contest in assembly election said K muraleedharan

To advertise here,contact us