ഇല്ലിക്കൽ ആഗസ്തി ഇടതുപക്ഷത്തേക്ക്; സേവ് ആർഎസ്പി രൂപീകരിച്ച് എൽഡിഎഫിനൊപ്പം പ്രവർത്തിക്കുമെന്ന് പ്രഖ്യാപനം

എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടന വേദിയില്‍ ഇല്ലിക്കല്‍ ആഗസ്തി എത്തി

കാസര്‍കോട്: മുന്‍ ആര്‍എസ്പി നേതാവ് ഇല്ലിക്കല്‍ ആഗസ്തി ഇടതുപക്ഷത്തേക്ക്. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടന വേദിയില്‍ ഇല്ലിക്കല്‍ ആഗസ്തി എത്തി. സേവ് ആര്‍എസ്പി രൂപീകരിച്ച് എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ഇല്ലിക്കല്‍ ആഗസ്തി പറഞ്ഞു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അടുത്തിടെയാണ് ഇല്ലിക്കല്‍ ആഗസ്തിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ കെ ശൈലജയ്‌ക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് ഇല്ലിക്കല്‍ ആഗസ്തി. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ആഗസ്തിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നിരന്തരമായി സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയും നടത്തിയതിനാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി പറഞ്ഞിരുന്നു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ആര്‍എസ്പി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഇല്ലിക്കല്‍ ആഗസ്തി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ നിലവില്‍ കുടുംബാംധിപത്യമാണെന്നും പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും ആദര്‍ശങ്ങളില്‍ നിന്നും നേതൃത്വം പൂര്‍ണമായും വ്യതിചലിച്ചതായും ആഗസ്തി പറഞ്ഞിരുന്നു. ആര്‍എസ്പിയിലെ ചില പ്രമുഖ നേതാക്കളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് നടത്തിയ പരാമര്‍ശങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു. പാര്‍ട്ടിയെ ശുദ്ധികരിക്കുക എന്ന ലക്ഷ്യത്തോടെ സേവ് ആര്‍എസ്പി എന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിക്കുമെന്നും ഇല്ലിക്കല്‍ ആഗസ്തി വ്യക്തമാക്കിയിരുന്നു.

Content Highlights-Illikal Agasthi has officially moved towards the left wing, signaling a significant change in his political affiliation.

To advertise here,contact us