'കേരളത്തോട് അവഗണന മാത്രം, യുദ്ധപ്രഖ്യാപനമാണ് കേന്ദ്രം നടത്തിയത്': കേന്ദ്ര ബജറ്റിനെതിരെ എം വി ഗോവിന്ദന്‍

കേരളം ഒന്നും ആവശ്യപ്പെട്ടില്ല എന്ന പ്രതിപക്ഷത്തിന്റെ വാദം പച്ചക്കളളമാണെന്നും എയിംസ് ഉള്‍പ്പെടെ 29 ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍വെച്ചിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബജറ്റില്‍ കേരളത്തോട് അവഗണന മാത്രമാണ് ഉണ്ടായതെന്നും കേരളത്തോട് കേന്ദ്രം യുദ്ധപ്രഖ്യാപനമാണ് നടത്തിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയരുമെന്നും കേന്ദ്ര അവഗണന ജാഥയിലൂടെ ജനങ്ങളോട് വിശദീകരിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

'കേരളം ഒന്നും ആവശ്യപ്പെട്ടില്ല എന്ന പ്രതിപക്ഷത്തിന്റെ വാദം പച്ചക്കളളമാണ്. എയിംസ് ഉള്‍പ്പെടെ 29 ആവശ്യങ്ങള്‍ കേരളം കേന്ദ്രത്തിന് മുന്നില്‍വെച്ചിരുന്നു. അതിവേഗ റെയില്‍ പദ്ധതി ഇല്ലാത്തതില്‍ ഇ ശ്രീധരന്‍ തന്നെ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഇ ശ്രീധരന്‍ പ്രഖ്യാപിച്ച പദ്ധതിക്ക് കേന്ദ്ര അനുമതി ഇല്ലെന്ന് നേരത്തെ അറിയാമായിരുന്നു. ആര്‍ആര്‍ടിഎസ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. അതിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാന്‍ സാധ്യതയില്ല' എം വി ഗോവിന്ദന്‍ പറഞ്ഞു. ഇടതുപക്ഷ ബദലിനെ ഉപരോധം തീര്‍ത്ത് തകര്‍ക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും നവകേരളമെന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ബജറ്റിൽ കേരളത്തിനുണ്ടായ അവഗണനയ്ക്കെതിരെ ജോൺ ബ്രിട്ടാസ് എംപിയും രംഗത്തെത്തിയിരുന്നു. കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമ മാത്രം എന്നാണ് ജോൺ ബ്രിട്ടാസ് പറഞ്ഞത്. ബജറ്റില്‍ കേരളത്തിന് ഹൈ സ്പീഡ് റെയിലുമില്ല, ഒന്നുമില്ല എന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ധനകാര്യ കമ്മീഷനെ അസ്ഥിരപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണെന്നും കേരളത്തിന്റെ ഒരു ആവശ്യത്തിന് പോലും പരിഗണന ലഭിക്കാത്ത ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. കണ്ണില്‍ പൊടി ഇടാന്‍ എന്തെങ്കിലും തരാമെന്ന് പറഞ്ഞു എന്നിട്ട് അതും ഉണ്ടായില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇ ശ്രീധരനെയും ജോൺ ബ്രിട്ടാസ് വിമർശിച്ചു. ശ്രീധരൻ ഒരു സ്വകാര്യ വ്യക്തി മാത്രമാണെന്നും അതിവേഗ റെയിലിന് അനുമതി നൽകേണ്ടത് കേന്ദ്ര റെയിൽവേ മന്ത്രാലയമാണെന്നുമാണ് ബ്രിട്ടാസ് പറഞ്ഞത്.

കേരളത്തിന് സമ്പൂർണ നിരാശ സമ്മാനിക്കുന്നതായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ്. കേരളം ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ എയിംസ്, അതിവേഗ റെയിൽപാത എന്നിവയിൽ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. അയൽസംസ്ഥാനമായ തമിഴ്‌നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോഴാണ് സജീവ ചർച്ച ഉയർന്നുവന്ന കേരളത്തെ തഴഞ്ഞത്. വലിയ പ്രഖ്യാപനങ്ങൾ ഇല്ലാതെയാണ് ബജറ്റ് അവസാനിച്ചത്. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഓഹരി വിപണി കൂപ്പുകുത്തി. സെന്‍സെക്സ് ആയിരത്തിലധികം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തി.

അപൂ‍ർവ്വ ധാതുക്കൾക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറിൽ ഉൾപ്പെടുത്തി എന്നതാണ് കേരളത്തെ സംബന്ധിച്ചുണ്ടായ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കേരളം- തമിഴ്നാട്- ഒഡീഷ- ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന അപൂർവ്വ ധാതുക്കളുടെ കോറിഡോറാണ് പ്രഖ്യാപിച്ചത്. ധാതുഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നത്. ധാതുസമ്പന്നമായ സംസ്ഥാനങ്ങൾക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ കടലാമ പരിചരണത്തിന് കേരളത്തിലും കർണാടകയിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. 

Content Highlights: Centre ignored kerala in budget; MV Govindan against Union Budget 2026

To advertise here,contact us